എല്ലാ ആചാരങ്ങളും മനുഷ്യ നിർമ്മിതമാണെന്നും അത് മനുഷ്യന് അവന്റെ ആവശ്യങ്ങൾക്കനുസരിച്ചു മാറ്റം വരുത്താനുള്ള ഒന്നാണെന്നുമുള്ള വിലപ്പെട്ട പാഠം കൊറോണ മനുഷ്യൻമാരെ പഠിപ്പിച്ചിരിക്കുന്നു.ഒരു മതങ്ങളെയും പരിഹസിക്കുന്നില്ല. യുക്തിക്ക് നിരക്കാത്ത അന്ധമായ ആരാധന കൊണ്ട് മനുഷ്യൻമാർ പല പേക്കൂത്തുകളും കാണിക്കാറുണ്ട് എന്നത് യാഥാർഥ്യമാണ്. മനുഷ്യൻമാർ അവന്റെ നില നിൽപ്പിനു പോരാടുന്ന സമയങ്ങളിൽ അവനെ കൊണ്ട് ഈ ഭ്രാന്തമായ ചുടല നൃത്തങ്ങൾ ചെയ്യിച്ച മത സ്ഥാപനങ്ങളൊക്കെ പൂട്ടപ്പെട്ടിരിക്കുന്നു.അവൻ പഠിച്ച ആചാരങ്ങൾ അല്ല അവനെ ഇപ്പോൾ ലോകത്തിൽ നില നിർത്തുന്നത്. ശാസ്ത്രം പഠിച്ച ആരോഗ്യ പ്രവർത്തകരുടെ ഉറക്കമൊഴിച്ചുള്ള പ്രവർത്തങ്ങൾ കൊണ്ട് മാത്രമാണ് മതം പഠിച്ച മനുഷ്യൻമാരും അവനെ മതങ്ങൾ പഠിപ്പിച്ച മത പണ്ഡിതൻമാരും ഇവിടെ ബാക്കിയാവുന്നത്. ഇവിടെ വിജയിച്ചു നിൽക്കുന്നത് യുക്തി മാത്രമാണ്. യുക്തിയെ തോൽപ്പിച്ചു കൊണ്ട് നടക്കുന്ന ആചാരങ്ങൾ അല്ല.സ്വയം പ്രാർത്ഥിച്ചു അസുഖം മാറ്റുന്ന വിശുദ്ധൻമാരും സ്വയം ദൈവമായി പ്രഖ്യാപിച്ച ആൾദൈങ്ങളും എവിടെയോ മറഞ്ഞു പോയിരിക്കുന്നു. സമ്പത്തുള്ളവനും ഇല്ലാത്തവനും ജീവിതത്തിൽ ഒരു പോലെ ഭയന്നു ജീവിക്കുന്ന ഇന്നിന്റെ ജിവിതത്തിൽ ഒരിടത്തും കാണാനാവാതെ പോവുന്ന സമത്വത്തിന്റെയും തുല്യതയുടെയും അപൂർവ്വ നിമിഷങ്ങൾ.ഭീതിയുടെ നിഴലിൽ ജീവിക്കുന്ന അവസരത്തിൽ മാത്രം ഉണ്ടാവുന്ന തിരിച്ചറിവുകൾ ഭീതി ഒടുങ്ങുന്ന വേളയിൽ മാഞ്ഞു പോവാതിരുന്നെങ്കിൽ ഈ ലോകം എത്ര സുന്ദരമാവുമായിരുന്നു. ഈ തിരിച്ചറിവിൽ നിന്നെങ്കിലും അന്ധമായ ആരാധനയിൽ മാത്രം ഒതുങ്ങാത്ത എന്റെ ആളും നിന്റെ ആളുമെന്ന വേർതിരിവുകൾ ഇല്ലാത്ത യുക്തിയും സമത്വവും നിറയുന്ന ഒരു പുതിയ ലോകം തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ചു പോവുകയാണ്.കാശിയും മക്കയും വത്തിക്കാനുമൊക്കെ മനുഷ്യന്റെ നിലനിൽപ്പിനു വേണ്ടിയുള്ള കൊറോണ വൈറസ് വ്യാപനവുമായുള്ള പോരാട്ടങ്ങളിൽ മനുഷ്യൻമാർക്ക് അഭയസ്ഥാനങ്ങൾ ആയി മാറുന്നില്ലെന്ന സത്യത്തെ മനുഷ്യൻമാർ തിരിച്ചറിഞ്ഞാൽ മാത്രമേ ലോകത്തിന്റെ ഏത് കോണിലും ഇനി മനുഷ്യൻമാർക്ക് നിലനിൽപ്പുള്ളൂ എന്നതാണ് കാലമവനെ പഠിപ്പിക്കുന്ന സത്യം. അത് ഇന്നിലെ ലോകം തന്റെ കാൽക്കീഴിൽ എന്ന് ഊറ്റം കൊള്ളുന്ന സാമൂഹിക ജീവികൾക്ക് ഒരു പക്ഷെ അപ്രിയ സത്യങ്ങൾ ആയിരിക്കാം.അന്ധമായ യുക്തിരഹിതമായ ആരാധനകളിൽ മാത്രമായി ഒതുങ്ങി നിൽക്കാതെ യുക്തിക്ക് നിരക്കുന്ന അപ്രിയ സത്യങ്ങളെ കൂടി സ്വീകരിച്ചു കൊണ്ട് മുന്നോട്ട് പോയാൽ മാത്രമേ ഇനി ഈ ലോകത്തിൽ മനുഷ്യജന്മങ്ങൾക്ക് നില നിൽപ്പുള്ളൂ എന്നുള്ളത് യാഥാർഥ്യമാണ്. യുക്തിരഹിതമായ ആചാരങ്ങളും ശാസ്ത്രത്തിന്റെ യുക്തിയും തമ്മിൽ ഉളള പോരാട്ടത്തിൽ വിജയിച്ചു നിൽക്കുന്നത് യുക്തിയും ശാസ്ത്രവും ആണെന്ന് ചൈനയിൽ വുഹാൻ എന്ന ചെറിയൊരു സ്ഥലത്ത് നിന്നും ആരംഭിച്ചു കൊണ്ട് ലോകമാകെ പടർന്നു പന്തലിച്ചു കൊണ്ട് ഇന്ന് ലോകത്തെ ഒന്നാകെ ഭീതിയുടെ മുൾമുനയിൽ നിർത്തുന്ന തുടക്കകാലങ്ങളിൽ നിസ്സാരമെന്ന് കരുതി ലോകമാകെ നിസ്സാരമെന്ന് കരുതി അവഗണിച്ച വൈറസ് ലോകത്തെ പഠിപ്പിച്ചിരിക്കുന്നു. രജിൽ കെ പി