Thursday, February 29, 2024

പകർന്നാട്ടം

 ജീവിതയാത്രകളിലെ                                     കോമാളി വേഷങ്ങൾ                                                   പകർന്നാടുന്ന                                                               മനുഷ്യർ                                         വേദനകളെ                                                            മറച്ചു കൊണ്ടുള്ള                                                         ചിരികളായും                                                                 ചിരികളെ മറച്ചു കൊണ്ടുള്ള                                       കരച്ചിലുകളായും                                                           സന്താപങ്ങളെ                                                               മറച്ചു കൊണ്ടുള്ള                       സന്തോഷങ്ങളായും                               ക്രോധങ്ങളെ                                                         മറച്ചു കൊണ്ടുള്ള                               ശാന്തതയായും                                                               ആർത്തികളെ                                                          മറച്ചു കൊണ്ടുള്ള                                                          ത്യജിക്കലുകളായും                                        ദയാരാഹിത്യത്തെ                                                         മറച്ചു കൊണ്ടുള്ള                                                         കനിവിന്നുറവകളായും            പൈശാചികതകളെ                                                    മറച്ചു കൊണ്ടുള്ള                              സ്നേഹത്തിൻ  മാലാഖമാരായും                                അറ്റമില്ലാത്ത                                        ജീവിതത്തിൻ  പകർന്നാട്ടങ്ങൾ……                          രജിൽ കെ പി.

Thursday, March 9, 2023

ബ്രഹ്മപുരം ഓർമ്മിപ്പിക്കുന്നത്.....

                       കൊച്ചി നിവാസികൾ കുടിവെള്ളത്തിനു വേണ്ടി പ്രതിഷേധിക്കുന്ന കാഴ്ച്ചകൾ  കണ്ടിട്ടുണ്ടെങ്കിലും, വിഷപ്പുകയിൽ അമരുന്ന കാഴ്ച്ച ആദ്യമായാണ് കാണുന്നത്.മനുഷ്യന്റെ അശാസ്ത്രീയമായ പ്രവൃത്തികൾ കാരണം മനുഷ്യന് ലഭിക്കുന്ന വായുവും വെള്ളവും പൊലും മലിനമാക്കപ്പെട്ടു കൊണ്ടിരിക്കുമ്പോൾ  ഇനി വരുന്നൊരു തലമുറയ്ക്ക് ജീവിതം അസാധ്യമാവുകയാണ് ചെയ്യുന്നത്. കേരളത്തിൽ ചെറിയൊരു മഴ പെയ്താൽ പൊലും വെള്ളം ഉയർന്നു പൊങ്ങുന്നൊരു സ്ഥലമായി കൊച്ചി മാറിയിട്ട് നാളുകളേറെയായി.പ്രളയം ഉണ്ടാവുമ്പോൾ നിലവിളിക്കുകയല്ലാതെ നമ്മൾ പ്രളയത്തെ തടയാനായുള്ള  ക്രിയാത്മകമായ ഇടപെടലുകൾ  നടത്തുന്നതായി തോന്നിയിട്ടില്ല.  അശാസ്ത്രീയമായ കെട്ടിട നിർമ്മിതികൾ കാരണം വെള്ളത്തിനു ഒഴുകിപ്പോവാനുള്ള സ്ഥലം ലഭിക്കാതാവുന്നതാണ് പ്രളയം ഉണ്ടാവാനുള്ള കരണങ്ങളിലൊന്നെന്നത് അധികമാരും ഉന്നയിച്ചു കണ്ടിട്ടില്ല.വികസനത്തിന്റെ അതിവേഗപ്പാച്ചിലിനിടയിൽ അധികാരം കൈയാളുന്നവർ  ജീവിക്കുന്ന മനുഷ്യരെയും പരിസ്ഥിതിയെയും മറന്നപ്പോൾ, മാലിന്യസംസ്ക്കരണം പാളിയപ്പോൾ ബ്രഹ്മപുരത്തെ വിഷപ്പുകയിൽ കൊച്ചി നിവാസികൾക്ക് നിലവിൽ നികുതി ഇല്ലാതെ കിട്ടിക്കൊണ്ടിരിക്കുന്ന ശുദ്ധവായു പൊലും നിഷേധിക്കപ്പെട്ടിരിക്കുന്നു.                                   പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുമ്പോൾ പുറത്ത് വിടുന്ന ഡയോക്സിൻ ഉണ്ടാക്കുന്ന ശാരീരിക പ്രശ്നങ്ങളെ കുറിച്ച് പ്രബുദ്ധർ എന്നവകാശപ്പെടുന്ന കേരളജനത ഇന്നും ആഴത്തിൽ മനസ്സിലാക്കിയിട്ടുണ്ടോ എന്നറിയില്ല.അധികാരകേന്ദ്രങ്ങളുടെ ഭാഗത്ത്‌ നിന്നുമുണ്ടായ വീഴ്ച്ചകളുടെ  ഭാഗമായി ബ്രഹ്മപുരത്ത്‌ കൂട്ടിയിട്ട മാലിന്യങ്ങൾ സമയബന്ധിതമായി സംസ്ക്കരിക്കാനാവാതെ വന്നപ്പോൾ, മാലിന്യങ്ങൾ  കത്തിയമർന്നപ്പോളുണ്ടായ വിഷപ്പുകയുടെ പ്രശ്നങ്ങളാണ് സമീപവാസികളായ ജനത ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിയമർന്നപ്പോൾ ഉണ്ടായ നൈട്രജൻ ഡയോക്സയിഡ് കലർന്ന വായു ശ്വസിക്കുന്നത് കരണമുണ്ടാവുന്ന ശ്വാസം മുട്ടലാണ് പ്രാരംഭഘട്ടത്തിൽ ഉണ്ടാവുന്ന ബുദ്ധിമുട്ട് എന്ന് തോന്നാമെങ്കിലും ഭാവിയിൽ  ഇതല്ല ഇതുണ്ടാക്കാൻ പോവുന്ന ഗുരുതരമായ പ്രത്യാഘാതങ്ങൾ.പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തുമ്പോൾ ഉണ്ടാവുന്ന ഡയോക്സിൻ  വായുവിലും മണ്ണിലും ജലത്തിലും കലരുന്നു എന്നതാണ് ഇതുണ്ടാക്കൻ പോവുന്ന ഗുരുതരമായ പ്രത്യാഘാതം. മണ്ണിലും ജലത്തിലും കലരുന്ന  ഡയോക്സിൻ വർഷങ്ങളോളം അത് കലരുന്നയിടങ്ങളിൽ നില നിൽക്കുന്നു. ജലത്തിലൂടെ മൽസ്യങ്ങളിലേക്ക്  വ്യാപിക്കുന്ന ഡയോക്സിൻ  കാലക്രമേണ മനുഷ്യരിലേക്കും വ്യാപിക്കുന്നു.ശരീരത്തിനുള്ളിൽ എത്തുന്ന ഡയോക്സിനെ  എന്ത് ചെയ്യണമെന്നറിയാത്ത  അവസ്ഥ ശരീരത്തിന് വരുമ്പോൾ ശരീരം കൊഴുപ്പുകളിൽ  നിക്ഷേപിക്കുന്ന നില വരുന്നു.ഈ പ്രക്രിയ തുടർച്ചയായി നടക്കുമ്പോൾ കാലക്രമേണ ലിവർ സംബദ്ധമായ അസുഖങ്ങളായും കിഡ്നി സംബദ്ധങ്ങളായ അസുഖങ്ങളായും കാൻസർ ആയുമൊക്കെ മാറാൻ വരെ സാധ്യതയുണ്ട്.                                                                            ഒരുപാട് പുരോഗതി             പ്രാപിച്ചിട്ടുള്ള  അമേരിക്കയും ഗ്രീസും ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ പ്ലാസ്റ്റിക് മാലിന്യം കത്തിച്ചപ്പോൾ ഉണ്ടായിട്ടുള്ള കെടുതികൾ അനുഭവിച്ചിട്ടുള്ളവരാണ്. വികസനങ്ങൾക്കൊപ്പം പരിസ്ഥിതിയുടെ സ്വാഭാവികതാളം കൂടി നില നിന്നാൽ മാത്രമേ മനുഷ്യജീവിതം സാധ്യമാവൂ എന്ന സത്യം മനുഷ്യർ തിരിച്ചറിഞ്ഞില്ലെങ്കിൽ  വിഷവായുവും മലിനജലവും മനുഷ്യജീവിതങ്ങളെ കാർന്നു തിന്നു  കൊണ്ട് അധികം സമയമെടുക്കാതെ മനുഷ്യർ  ഭൂമുഖത്തു നിന്നും  തുടച്ചു നീക്കപ്പെടുമെന്ന  കാര്യത്തിൽ തർക്കമുണ്ടാവാനിടയില്ല.                                                                         രജിൽ കെ പി                                            

Sunday, January 15, 2023

വായനകളും ഭ്രാന്തൻ ചെയ്തികളും

          ജീവിതത്തിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ടി പത്മനാഭൻ എന്ന എഴുത്തുകാരന്റെ കഥകളെ വായിച്ചു കൊണ്ടാണ് വിദ്യാഭ്യാസകാലം മുതൽ കഥകളോടും മലയാള                                സാഹിത്യത്തോടുമുള്ള പ്രണയം ആരംഭിക്കുന്നത്.കഥകളെ അറിഞ്ഞതിനു ശേഷം മനസ്സ്  കൂടുതൽ വ്യത്യസ്തതകൾ അന്വേഷിച്ചു തുടങ്ങിയപ്പോളേക്കും നോവലുകളിലേക്കും ലോക ക്ലാസ്സിക്കുകളിലേക്കും സഞ്ചരിച്ചു തുടങ്ങി. പിന്നീട് എംടിയുടെയും  വൈക്കം മുഹമ്മദ്‌ ബഷീറിന്റെയും രചനകളെ അറിഞ്ഞു തുടങ്ങിയപ്പോളാണ് എം ടി യും വൈക്കം മുഹമ്മദ്‌ ബഷീറും ലോക സാഹിത്യത്തെ അതികായന്മാരോടൊപ്പം നിൽക്കുന്ന മലയാളത്തിലെ ഏറ്റവും മികച്ച എഴുത്തുകാരാണെന്നു മനസ്സിലായി തുടങ്ങുന്നത്.വേറിട്ട നാടൻ ശൈലിയിലൂടെയും കുന്നോളം ആർജ്ജിച്ച ജീവിതാനുഭവങ്ങളിലൂടെയും വൈക്കം മുഹമ്മദ്‌ ബഷീർ എന്ന എഴുത്തുകാരൻ സൃഷ്ടിച്ച രചനകൾ മുഴുവൻ വായിച്ചു തീർന്നപ്പോൾ ജീവിതത്തിൽ ഒരിക്കലും നേരിൽ കാണാൻ സാധിക്കാത്ത ബഷീർ എന്ന എഴുത്തുകാരൻ ഹൃദയത്തിന്റെ ഭാഗമായി മാറുകയായിരുന്നു.വീടിന് മുന്നിലൂടെ സ്ഥിരമായി  ഒരുമ്മയും പിറകെ വാലായി കൈയിൽ പിറകെ ചപ്പിലയും പിടിച്ചു ഒരു മകനും സ്ഥിരമായി നടന്നു പോവുമ്പോൾ പാത്തുമ്മയുടെ ആടിൽ ബഷീർ പറയുന്ന 'പാത്തുമ്മയും പാത്തുമ്മയുടെ പിറകെ മകൾ ഖദീജയും വാലായി ഒരാടും ' എന്ന വരികളുടെ ജീവിതാവിഷ്ക്കരമായി സങ്കൽപ്പിച്ചു തുടങ്ങിയ കാലം മുതലാണ് വായന പകർന്നു തരുന്ന ഭ്രാന്തൻ അനുഭവങ്ങൾ അനുഭവിച്ചു തുടങ്ങുന്നത്. വായനയെ ആഴത്തിൽ സമീപിക്കുന്നവർക്ക് മാത്രം ഉൾക്കൊള്ളാനും മനസ്സിലാക്കാനും പറ്റുന്നൊരു ശൈലി. രണ്ടാമൂഴത്തിൽ ഭീമന്റെ ചിന്തകളെ എം ടി അവതരിപ്പിച്ചു കണ്ടപ്പോളാണ് ടെലിവിഷനുകൾ പ്രചാരമില്ലാത്ത കാലത്തിൽ അമ്മ പറഞ്ഞു തന്ന കഥകളിലൂടെയും വായനകളിലൂടെയും അറിഞ്ഞ മഹാഭാരതം എന്ന ഇതിഹാസത്തിലെ കഥാപാത്രത്തെ പൊലും മികവുറ്റ ഒരു എഴുത്തുകാരൻ തന്റെ ഭാവനയിൽ എത്ര വ്യത്യസ്തമായ ശൈലിയിലും  മനോഹരമായും അവതരിപ്പിച്ചു കൊണ്ട് മികവുറ്റൊരു സൃഷ്ടിയാക്കി മാറ്റുന്നുവെന്ന് മനസ്സിലാക്കി തുടങ്ങുന്നത്. പിന്നീട് ഗബ്രിയേൽ മാർകേസിന്റെ ഏകാന്തതയുടെ 100 വർഷങ്ങൾ  വായിച്ചു തുടങ്ങിയപ്പോളാണ് പരിധിയില്ലാത്ത ഭാവനയാണ് എഴുത്തിലെ ഏറ്റവും വലിയ ലഹരി എന്ന് അറിഞ്ഞു തുടങ്ങുന്നത്.                                                                ആദ്യമായ് ബെന്യമിന്റെ ‘ആട്ജീവിതം’ വായിക്കുന്നത് ഏപ്രിലിൽ ഒരു വേനൽക്കാലത്തിലാണ്. അതിലെ കേന്ദ്ര കഥാപാത്രമായ  നജീബ്   മരുഭൂമിയിൽ വെള്ളം കുടിക്കാതെ നടന്ന രംഗം ആലോചിച്ചു ഞാൻ ഒരു ദിവസം വെള്ളം കുടിക്കാതെ നിന്ന് നോക്കിയിട്ടുണ്ട്. കേൾക്കുന്നവർക്ക് ഒരു പക്ഷെ ഭ്രാന്തായി തൊന്നും. ഒരു ചർച്ചയിൽ ഞാൻ ഈ കാര്യം ബെന്യാമിനോട് പറഞ്ഞു. അപ്പോൾ ബെന്യാമിൻ പറഞ്ഞത് ആട്ജീവിതം എഴുതുന്ന വേളയിൽ നജീബിനെ അറിയാനായി മരുഭൂമിയിലൂടെ നടന്നിരുന്നു എന്നാണ്. എഴുത്തിനെയും വായനയെയും സിരകളിൽ ഒരു ലഹരിയായി കരുതാത്തവർക്ക് ഇതൊരു ഭ്രാന്തായി തൊന്നും എന്ന് പറഞ്ഞു. അതൊരു സത്യമാണ്.ഇത്തരത്തിൽ ഉള്ള ഒരു പാട് ഭ്രാന്തൻ ചെയ്തികളിലൂടെ കടന്നു പോവുമ്പോൾ മാത്രമേ ഒരു കഥയും നോവലും എഴുതാൻ സാധിക്കുകയുള്ളൂ. പഴയ എഴുത്തുകാർക്ക് കിട്ടിയ അനുഭവങ്ങൾ പുതിയ കാലത്തെ എഴുത്തുകാർക്ക് ലഭിക്കുന്നില്ല എന്നതും ഒരു യാഥാർഥ്യമാണ്.                                                            ഒരെഴുത്തുകാരൻ തന്റെ  പരിധിയില്ലാത്ത ഭാവനയിൽ നെയ്‌തെടുത്ത്‌ എഴുതിയുണ്ടാക്കുന്നതാവുന്നു ഓരോ രചനകളുമെന്ന് ഇത് വരെയുള്ള വായനകൾ  പഠിപ്പിച്ചു തന്നിരിക്കുന്നു. ഒരിക്കലും പൂർത്തിയാവാത്ത അറിവുകളിലൂടെയും പുതിയ വായനകളിലൂടെയും  എഴുതി തൃപ്തിയാവാതെ ചുരുട്ടിയെറിഞ്ഞ കടലാസുകളുമായ് മല്ലിട്ട പാതിരാവുകളിലൂടെയും എന്നെങ്കിലും മികവുറ്റൊരു രചന പുറത്തിറക്കാൻ സാധിക്കുമെന്ന ശുഭപ്രതീക്ഷയോടെ ജീവിതം മുന്നോട്ട് പോവുന്നു. 

Thursday, June 23, 2022

ലഹരി

ആഘോഷങ്ങളിലാറാടുന്ന നിമിഷങ്ങളിൽ                                യുവതയെ ചുറ്റി പിടിക്കുന്ന        ലഹരികൾ                                        മദ്യമായും കഞ്ചാവായും  ഹാൻസായും      വ്യത്യസ്തമാം വേഷങ്ങളിൽ      ലഹരിയുടെ നീരാളികൈകളാൽ    വരിഞ്ഞു മുറുക്കപ്പെടുന്ന മർത്യർ              എന്തിനെന്നറിയാതടിമപ്പെടുന്ന              ലഹരിക്ക് മുന്നിൽ                         തിരിച്ചറിവ് നഷ്ടപ്പെടുന്ന മനുജർ              നിറങ്ങളറിയാതെ            ഭാവങ്ങളറിയാതെ      ലഹരിക്കായെരിഞ്ഞു തീരുന്ന നിമിഷങ്ങളിൽ                                      തിരിച്ചു വരവിനായ്                  കൊതിക്കുന്ന മനസ്സുകൾ            വൈകിയ വേളയിലെ തിരിച്ചറിവുകൾ    ജീവിതയാത്രകളിലെ                              കൈ വിട്ട സ്വപ്‌നങ്ങൾ തിരിച്ചെടുക്കാനായ് സമയമാവശേഷിപ്പിക്കില്ലെന്നവനറിയുന്നു  നല്ലൊരു നാളേക്കായ് ലഹരിവിമുക്തലോകത്തിനായ്              ഒന്നിച്ചു തുഴയട്ടെ      മാലോകരൊന്നാകെ.                            രജിൽ കെ പി. 

Saturday, May 7, 2022

കെറെയിൽ ചോദ്യങ്ങൾ

            ഏറ്റവും പുതിയ റിപ്പോർട്ട്‌ പ്രകാരം ലാഭത്തിൽ അല്ലെന്ന് കണ്ടു ചൈന പൊലും ഇനി പുതിയ അതിവേഗപാത വേണ്ടെന്ന് തീരുമാനമെടുത്തെന്ന് ഒരു ചർച്ചയിൽ ഒരാൾ ഉന്നയിച്ചു  കണ്ടു.കോടികൾ കടമെടുത്തു അത്തരത്തിൽ ഉള്ള അതിവേഗപാത മാത്രമാണ് വികസനം എന്ന് പറഞ്ഞു കൊണ്ട് ഇതിനെ ന്യായീകരിക്കുന്നവരോട് ചില ചോദ്യങ്ങൾ.                                              1.കെറെയിൽ പ്രൊജക്റ്റ്‌ റിപ്പോർട്ടിൽ പൊലും പറയുന്നത് നിലവിൽ കിലോമീറ്ററിന് 3.90 രൂപ ടിക്കറ്റ് ചാർജ് ഉണ്ടാവുമെന്നാണ്. ഈ ചാർജ് വരുന്നത് ദിവസേന 80000 യാത്രക്കാർ ഉണ്ടാവുകയും 64000 കോടിക്ക് സമയബന്ധിതമായി പദ്ധതി പൂർത്തിയാവുകയും ചെയ്താൽ മാത്രമാണ്. അത് ഏറെക്കുറെ അപ്രാപ്യമാണെന്ന് ഭൂരിഭാഗം പേരും വിശ്വസിക്കുന്നു. ഇനി ഈ പദ്ധതിയെ അനുകൂലിക്കുന്നവരുടെ വാദത്തിന് സമ്മതിച്ചാൽ പൊലും കണ്ണൂരിൽ നിന്നും തിരുവനന്തപുരം പോയി വരാൻ ഒരാൾക്ക് 3000 രൂപ ചിലവ് വരും. ഗവണ്മെന്റ് ജീവനക്കാരായവർക്ക് പൊലും ഈ വിലയിൽ ദിവസേന യാത്ര സാധ്യമല്ലെന്നിരിക്കെ കേരളത്തിലെ എത്ര സാധാരണക്കാർ ഇതിന്റെ ഗുണഭോക്താക്കളാവും. അപ്പോൾ ജനപക്ഷസർക്കാർ ഇവിടത്തെ വലിയ പണക്കാരായ കുറച്ച് ആളുകൾക്ക് വേണ്ടി മാത്രമാണോ ഇത്രയേറെ കടബാധ്യത ഉണ്ടാക്കി ഇങ്ങനെയൊരു പദ്ധതി നടപ്പിലാക്കുമെന്ന് പറയുന്നത്.സർക്കാർ സാധാരണക്കാർക്കൊപ്പമാണോ അതോ വരേണ്യ വിഭാഗത്തിൽ വരുന്ന കുറച്ച് പേർക്ക് വേണ്ടി ഒരു വൻകിടപദ്ധതിയുടെ പേരിൽ കേരളത്തിലെ മൊത്തം ജനങ്ങളുടെ ചുമലിൽ കടഭാരം അടിച്ചേൽപ്പിക്കുകയാണോ.        2.നിരവധി തവണ പ്രളയങ്ങൾ ഉണ്ടായിട്ടുള്ളൊരു സംസ്ഥാനമാണ് കേരളം. വയനാട്ടിലെയൊക്കെ മണ്ണിന്റെ ഘടന മാറി പോയെന്ന് വരെ വായിച്ചിരുന്നു. ഇത്രയേറെ പാരിസ്ഥിതിക ദുർബലമായൊരു സംസ്ഥാനത്തിൽ 8 മീറ്ററും 10 മീറ്ററും ഉയരത്തിൽ മതിൽ കെട്ടി നിർമ്മിതി ഉണ്ടാക്കുമ്പോൾ ഉണ്ടാവാൻ സാധ്യതയുള്ള പ്രളയത്തെ കുറിച്ച് എന്തെങ്കിലും ശാസ്ത്രീയമായ പഠനങ്ങൾ ബന്ധപ്പെട്ടവർ നടത്തിയിട്ടുണ്ടോ.ഇതൊന്നുമില്ലാതെ തന്നെ നിരവധി പ്രളയങ്ങളും മണ്ണിടിച്ചലുകളും കേരള ജനത നേരിട്ട് കണ്ടു കഴിഞ്ഞു. ഇനി ഇങ്ങനെ ഉയരത്തിൽ മതിൽ കെട്ടി പൊക്കി മറ്റൊരു ദുരന്തം കൂടി കേരളീയർക്ക് സമ്മാനിക്കേണ്ടതുണ്ടോ.          3.റെയിൽവേ സ്വകാര്യവൽക്കരണത്തിനെതിരെ ശക്തമായ നിലപാട് എടുത്തിട്ടുള്ളവരാണ് ഇടത്പക്ഷം.അതേ ഇടതു പക്ഷം ഭൂരിഭാഗവും സ്വകാര്യ പങ്കാളിത്തത്തോടെ കോടികൾ കടമെടുത്തു നടത്തുന്ന പദ്ധതി നയത്തിൽ വന്ന വ്യതിയാനമാണോ അതോ ഭരിക്കുമ്പോൾ ഒരു നയം പ്രതിപക്ഷത്തിരിക്കുമ്പോൾ മറ്റൊരു നയമെന്നാണോ. ഇതൊക്കെ ചെയ്തിട്ട് മറ്റുള്ളവർ സ്വകാര്യവൽക്കരണം നടത്തുകയും വിൽക്കുകയും ചെയ്യുന്നതിനെ ന്യായീകരിക്കാൻ എന്തെങ്കിലും ധാർമ്മികത ഇടത്പക്ഷത്തിനു അവകാശപ്പെടാൻ സാധിക്കുമോ. നിലവിലുള്ള റെയിൽവെ  വികസനവും   റോഡ് വികസനവും ആളുകളെ കുറയ്ക്കുമെന്ന്  സിൽവർലൈൻ പദ്ധതിയുടെ പ്രൊജക്റ്റ്‌ റിപ്പോർട്ടിൽ തന്നെ പറഞ്ഞു വച്ചിട്ടുണ്ട്. മിതമായ നിരക്കിൽ യാത്ര സൗകര്യം നൽകുന്ന റെയിൽവെ  വികസനത്തെയും റോഡ് വികസനത്തെയും അസ്ഥിരപ്പെടുത്തിക്കൊണ്ട് വേഗത എന്ന ഒറ്റ കാര്യം പറഞ്ഞു കോടികൾ കടബാധ്യതയിൽ കേരളത്തിലെ സാധാരണക്കാർക്ക് യാത്ര ചെയ്യാൻ സാധിക്കാത്തത്രയും ഉയർന്ന ടിക്കറ്റ് നിരക്കുള്ള ഒരു പദ്ധതി കൊണ്ട് എന്ത് വികസനമാണ് ഇത് ചെയ്യുന്നവർ കേരളത്തിലെ സാധാരണക്കാർക്ക് നൽകുന്നത്.                            4.കുടിയൊഴിപ്പിക്കുന്ന 20000 കുടുംബങ്ങൾക്ക് 3 ഇരട്ടിയും 4 ഇരട്ടിയും നഷ്ടപരിഹാരം നൽകാൻ വേണ്ടി നഷ്ടപരിഹാരത്തിനായ് നീക്കി വച്ചിട്ടുള്ള 13000 കോടിയിൽ നിന്നും നൽകാൻ  സാധിക്കുമോ.ബഫർ സോണിന്റെ പരിധിയിൽ പെടുന്നവരുടെ ആശങ്കകൾക്ക് എന്ത് മറുപടിയാണ് നൽകാൻ സാധിക്കുക.                                  5.നിർമ്മാണ സാമഗ്രികൾക്ക് ക്ഷാമം നേരിട്ടത് കൊണ്ടാണ് വിഴിഞ്ഞം പദ്ധതി  ഇഴഞ്ഞു നീങ്ങുന്നതെന്ന് പറയപ്പെടുന്നു.വിഴിഞ്ഞം പദ്ധതിയെക്കാൾ എത്രയോ അധികം നിർമ്മാണസാമഗ്രികൾ ആവശ്യമുള്ളൊരു  പദ്ധതി സമയബന്ധിതമായി തീർക്കാൻ സാധിക്കുമെന്ന് എന്തുറപ്പാണ് ഈ പദ്ധതിയുമായി മുന്നോട്ട് പോവുന്നവർക്ക് നൽകാൻ സാധിക്കുക.                                                                                                                         ഏതൊരു വികസനപദ്ധതിയുടെയും ഗുണഭോക്താക്കൾ ജനങ്ങൾ ആണെന്നിരിക്കെ എതിർക്കുന്ന ജനങ്ങളെ മൊത്തം വെല്ലുവിളിച്ചുകൊണ്ടും വികസന വിരുദ്ധർ ആക്കി മാറ്റിക്കൊണ്ടുമാണോ ജനപക്ഷമെന്നവകാശപ്പെടുന്നൊരു സർക്കാർ ഇത്ര ഭാരിച്ച കടബാധ്യത ഉണ്ടാക്കുന്നൊരു പദ്ധതി ഉണ്ടാക്കേണ്ടത്.ഇതാണോ ജനപക്ഷനയം.കടബാധ്യത കുമിഞ്ഞു കൂടുന്നൊരു സംസ്ഥാനത്തിന് ഒട്ടും അഭികാമ്യമല്ലാത്ത ഒരു പദ്ധതിയുടെ പേരിൽ വീണ്ടും കോടികൾ കടമുണ്ടാക്കി ഒരു പദ്ധതി ആവശ്യമുണ്ടോയെന്ന് കേരളത്തിലെ സാധാരണക്കാർക്ക് വേണ്ടി ഈ പദ്ധതിയുമായി മുന്നോട്ട് പോവുന്നവർ പുനർവിചിന്തനം ചെയ്യേണ്ടിയിരിക്കുന്നു. വികസനമെന്ന പേരിൽ കോടികൾ വായ്‌പയെടുത്തു തിരിച്ചടക്കാൻ സാധിക്കാതെ വരികയും ക്രെഡിറ്റ്‌ ഏജൻസി  റേറ്റിംഗ് താഴ്ത്തിയതിനു ശേഷം വായ്‌പ എടുക്കാൻ ആവാതെ പോവുകയും ചെയ്ത ശ്രീലങ്കയുടെ ചിത്രം മുന്നിലുള്ളപ്പോളാണ്  ഒരു പാട് അറിവുണ്ടെന്ന് അവകാശപ്പെടുന്നവർ ഇത്തരത്തിലുള്ള  കോടികൾ കടബാധ്യത ഉണ്ടാക്കുന്ന പദ്ധതിയുമായി മുന്നിട്ടിറങ്ങുന്നതെന്നാണ് ഏറ്റവും നിരാശയുണ്ടാക്കുന്ന കാര്യം.സാധാരണക്കാരന് വേണ്ടിയുള്ള ഒന്നാവണം വികസനം.ജനങ്ങളെ മൊത്തം കടത്തിൽ മുക്കി സമൂഹത്തിലെ വരേണ്യ വിഭാഗക്കാർക്ക്  വേണ്ടി മാത്രമുള്ള വികസനം ആവുമ്പോൾ അരക്ഷിതരായ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സാധാരണക്കാർക്ക് അത് ഉൾക്കൊള്ളാൻ സാധിച്ചെന്ന് വരില്ല.ശുദ്ധമായ ഭൂമിയും വായുവും ജലവും തന്നെയാണ് മനുഷ്യന്റെ നില നിൽപ്പിന്റെ അത്യാവശ്യം വേണ്ടുന്ന വികസനം.വികസനത്തിന്റെ പേരിൽ നിർമ്മാണശാലകൾ കെട്ടി പൊക്കിയ രാജ്യങ്ങളിൽ നിന്നും ശുദ്ധമായ വായു പൊലും ലഭ്യമാവുന്നില്ലെന്ന തരത്തിലുള്ള ഭീതി ജനിപ്പിക്കുന്ന  വാർത്തകളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ടുള്ള വികസനങ്ങളിലൂടെ മാത്രമേ ഇനി മനുഷ്യർക്ക് മുന്നോട്ട് പോവാൻ സാധിക്കുകയുള്ളൂ.കേരളത്തിലെ പരിസ്ഥിതി മുന്നേറ്റങ്ങളിൽ സ്ഥിരമായി ആലപിച്ചു കേൾക്കാറുള്ള  കവിതയിലെ വരികൾ ചുവടെ ചേർക്കുന്നു.                          ‘ഇനി വരുന്നൊരു തലമുറയ്ക്ക്

ഇവിടെ വാസം സാധ്യമോ

മലിനമായ ജലാശയം

അതി മലിനമായൊരു ഭുമിയും'                അർത്ഥവത്തായ ഈ വരികളുടെ അർത്ഥം തിരിച്ചറിഞ്ഞു കൊണ്ട് ഇന്നിന്റെ തലമുറയും ഇനി വരുന്ന തലമുറയും ജീവിതങ്ങളെ  മുന്നോട്ട് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.              


Thursday, December 9, 2021

സമരം

സിരകളിലാവേശം                      നിറയ്ക്കുന്ന സമരജ്വാലകൾ                        അണമുറിയാത്ത        മുദ്രാവാക്യങ്ങളുമായ്                      വീഥികൾ കീഴടക്കിയ          സമരജാഥകൾ.                                        നീതി തേടിയുള്ള      പോരാട്ടങ്ങൾക്കിടയിൽ ബലിയർപ്പിക്കപ്പെട്ട                    ജീവനുകൾ                                  ആവർത്തന                    വിരസതയില്ലാതേറ്റു പാടുന്ന മുദ്രാവാക്യങ്ങൾ                          കുബേരനും കുചേലനും                            ഒറ്റ മനസ്സോടെ                                             ഒറ്റ ലക്ഷ്യത്തിനായ്                     ചുവടുകൾ വച്ച് മുന്നേറുന്ന സമരയാത്രകൾ.                                            ഇന്നലെകളിലെ ചരിത്രങ്ങളിലവസാനിക്കുന്ന സമരപോരാട്ടങ്ങൾ                            പകർന്നു തരുന്ന                        നാളെകളിലെ സ്വാതന്ത്ര്യങ്ങൾ      അധികാരത്തിൻ നീരാളിക്കൈകൾ വരിഞ്ഞു മുറുക്കുന്ന                              നീതി തേടിയുള്ള പോരാട്ടങ്ങൾ  അടിച്ചമർത്തലുകളിൽ തളരാതെ  പിടഞ്ഞു വീഴുന്നവരുടെ        രുധിരപ്പുഴകളിൽ പതറാതെ പോരാട്ടത്തിൻ കനലണയാതെ മുന്നേറുന്ന മനസ്സുകൾക്ക്     മുന്നിലടിപതറുന്ന       സേച്ഛാധിപത്യത്തിൻ കരങ്ങൾ   അണയാത്ത സമരത്തിൻ    തീനാളങ്ങൾക്ക് മുന്നിൽ  തിരുത്തപ്പെടുന്ന                            കാലത്തിൻ തെറ്റുകൾ            ഓർമ്മകളുടെ            ചരിത്രത്താളുകളിലെ          സമരകഥകളാൽ മുന്നേറുന്ന നാളെകളിലെ ജീവിതങ്ങൾ.                     രജിൽ കെ പി.  

Thursday, October 7, 2021

ജീവിതം

                   ഒഴുകുന്ന പുഴ പോലെ ജീവിതയാത്രകൾ. ഇന്നലെകളിലെ സന്തോഷങ്ങളും ദുഃഖങ്ങളും ഓർമ്മക്കൂടുകളിലൊതുക്കി നാളെകളിലെ സ്വപ്‌നങ്ങളുടെ ചിറകിലേറിയുള്ള  അപ്രവചനീയതകൾ നിറഞ്ഞ ജീവിതപ്രയാണങ്ങൾ.ഹൃദയത്തിന്റെ ഭാഗമായ സൗഹൃദങ്ങളുടെ തണൽ പകർന്നു തരുന്ന കുളിർമ ജീവിതയാത്രകളിലെ എരിയുന്ന കനലിനെന്നും ആശ്വാസമാവുന്നു.നിശ്ചലമാവുന്ന ഹൃദയമിടിപ്പുകളിൽ അറ്റു പോവുന്ന ബന്ധങ്ങളിലെ കണ്ണികൾ ഹൃദയത്തിന്റെ അറയിലൊരു  നെരിപ്പോടായി അവശേഷിക്കുന്നു. ഉറ്റവർ ശത്രുക്കളും ശത്രുക്കൾ മിത്രങ്ങളുമായി മാറുന്ന ജീവിതനാടകങ്ങൾ.എന്തിനെന്നറിയാതെ മത്സരിച്ചു കൊണ്ട് വെട്ടിപ്പിടിക്കാനും കീഴടക്കാനുമുള്ള ഓട്ടത്തിനിടയിൽ ജീവിക്കുന്ന ഇന്നുകളെ ആസ്വദിക്കാൻ മറന്നു പോവുന്ന മനുഷ്യർ സത്യം തിരിച്ചറിയുന്ന നേരമാവുമ്പോളേക്കും ഒരു പാട് അകലേക്ക്‌ സഞ്ചരിച്ചു കഴിഞ്ഞിരുന്നു. തിരിച്ചു പിടിക്കാനും തിരിച്ചെത്താനും സമയം ബാക്കിയാവാത്തത്രയും അകലേക്ക്‌.