Monday, December 23, 2019

ഇന്നിന്റെ ജീവിതം

കോഴിക്കോട് ജില്ലയിലെ വളർന്നു കൊണ്ടിരിക്കുന്ന പ്രശസ്തമായ മൾട്ടി സ്പെഷ്യൽ ആശുപത്രിയിൽ ചികിത്സയുടെ ബില്ലുകൾ അടക്കാനാവാതെ നട്ടം തിരിയുന്ന കുറച്ചു പാവം മനുഷ്യരെ കണ്ട അനുഭവത്തിൽ നിന്നാണ് ഇതെഴുതുന്നത്.ആശുപത്രിയിൽ രോഗിയുടെ കൂടെ കയറുന്ന നിമിഷത്തിൽ തന്നെ കോട്ടിട്ട കുറെ ജീവനക്കാർ നമ്മളെ സ്വാഗതം ചെയ്യും.എമർജൻസി വിഭാഗത്തിൽ കൊണ്ട് പോവുകയാണെങ്കിൽ ആദ്യ പരിശോധനയ്ക്ക് ശേഷം തന്നെ ഏകദേശം ആവുന്ന പണം  രോഗിയുടെ കൂടെ ഉള്ളവർക്ക് പറഞ്ഞു കൊടുക്കും.കൂടുതൽ അല്ലാതെ കുറവ് പ്രതീക്ഷിച്ചിട്ടു കാര്യമില്ല. അതാണ് മൾട്ടി സ്‌പെഷ്യൽ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.പിന്നീട് പണമില്ലാതെ പോവുന്നവർക്ക് കിട്ടുന്ന മറുപടി ആദ്യമേ ഞങ്ങൾ കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന മുൻ‌കൂർ ജാമ്യം ആയിരിക്കും. ഒരു പാട് പണങ്ങൾ ചിലവാക്കി ഹോസ്പിറ്റലുകൾ പണിതുയർത്തുന്നവർ ചിലവാക്കിയ പണങ്ങൾ രോഗികളിൾ നിന്നും തിരിച്ചു പിടിക്കുമ്പോൾ ഈ മത്സരത്തിൽ പിടിച്ചു നിൽക്കാനാവാതെ പോവുന്ന പണമില്ലാത്ത സാധാരണക്കാരന് ഇവിടെ മാനുഷിക പരിഗണനയുടെ അളവുകോൽ എന്നൊന്നില്ല.ഇവിടെ മാത്രമല്ല മൾട്ടിസ്പെഷ്യൽ എന്ന് വിവക്ഷിക്കുന്ന ഒരാശുപത്രികളിലും അതുണ്ടാവുമെന്ന് തോന്നുന്നില്ല.മാനുഷികമൂല്യങ്ങളുടെ മുകളിൽ പണം നൃത്തം വയ്ക്കുന്ന ഇന്നിന്റെ ലോകത്തിൽ മനുഷ്യജീവൻ എന്നത് പണത്തിനു കീഴിൽ   രണ്ടാമത് മാത്രമേ  വരുന്നുള്ളൂ. ആളുകളുടെ ജീവന്റെ നിലനിൽപ്പ് ഈശ്വരൻ തീരുമാനിക്കുന്ന കാലത്തിൽ നിന്നും പണം തീരുമാനിക്കുന്ന കാലത്തിലേക്ക് ലോകം ചുവടു മാറ്റപ്പെട്ടിരിക്കുന്നു. പണമില്ലാത്ത അസുഖം ബാധിച്ച ഇന്നത്തെ കാലത്തിലെ പാവം മനുഷ്യർക്ക് ഈ ലോകത്തിൽ ജീവിക്കാൻ അവകാശമില്ലെന്ന നിലയിലേക്ക് മാറ്റപ്പെട്ടിരിക്കുന്നു. ജീവിച്ചു മതിയാവാത്ത മനുഷ്യന്റെ ദൈന്യതയെ ചൂഷണം ചെയ്തു കൊണ്ട്  മൾട്ടി സ്പെഷ്യലുകളും സൂപ്പർ സ്‌പെഷ്യലുകളും ആയി ഉയർന്നു പൊങ്ങുന്ന ചികിത്സാലായങ്ങളുടെ കിട മത്സരത്തിൽ പിടിച്ചു നിൽക്കാനാവാതെ പോവുന്ന പാവപ്പെട്ട  മനുഷ്യ ജന്മങ്ങൾ.മനുഷ്യജീവനുകൾക്ക് പോലും പണത്തിനു മുന്നിൽ വിലയില്ലാത്ത കാലം.   ലക്ഷങ്ങൾ ചിലവാക്കി ചികിത്സ എടുത്തതിനു ശേഷം ജീവനറ്റു വീണ ശരീരം പോലും ബില്ല് അടച്ചില്ല എന്ന കാരണത്താൽ വിട്ടു കൊടുക്കാതെ  പിടിച്ചു വയ്ക്കുന്ന ഇന്നിന്റെ  ലോകത്തിൽ  മാനുഷിക മൂല്യങ്ങളും മനുഷ്യത്തവും പ്രതീക്ഷിച്ചിട്ടു കാര്യമില്ല. മനുഷ്യത്തവും മാനുഷിക മൂല്യങ്ങളുംവിസ്മൃതിയിൽ മറഞ്ഞു പോവുന്ന ഓർമ്മക്കൂടുകൾ മാത്രം.                                                  രജിൽ കെ പി 

Wednesday, December 11, 2019

കർഷകൻ

മഴ പിടി തരാത്ത പട്ടം പോലെ മാറി നിൽക്കുകയാണ്. അവശനാണെങ്കിലും ആ  വൃദ്ധൻ തനിക്ക് അറിയാവുന്നൊരു തൊഴിലായ നെല്ല് വിതയ്ക്കൽ തുടർന്നു കൊണ്ടേയിരിക്കുന്നു. കാലത്തിന്റെ നീരൊഴുക്കിന് അയാളുടെ ശരീരത്തെ മാത്രമേ കീഴ്പ്പെടുത്താനായിട്ടുള്ളു.  പ്രായത്തിനു കീഴ്പ്പെടുത്താനാവാത്ത മനസ്സുമായി തനിക്കറിയാവുന്ന നെല്ല് വിതയ്ക്കുന്ന തൊഴിൽ അയാൾ തുടർന്നു കൊണ്ടേയിരിക്കുന്നു. വിതച്ചു കൊയ്യൽ തന്റെ കടമ ആണെന്ന് അയാൾ ഉറച്ചു വിശ്വസിക്കുന്നു. കത്തിജ്ജ്വലിക്കുന്ന സൂര്യരശ്മികളെ വക വയ്ക്കാതെ മഴത്തുള്ളികൾ ഇറ്റു  വീഴുമെന്ന പ്രതീക്ഷയിൽ വൃദ്ധനായ ആ പാവം കർഷകൻ തന്റെ ജോലി ലാഭേച്ചയില്ലാതെ   തുടർന്നു കൊണ്ടേയിരിക്കുന്നു .ഒലിച്ചു വീഴുന്ന വിയർപ്പു തുള്ളികൾ തുടച്ചു കൊണ്ടുള്ള  ആ പാവം കര്ഷകന്റെ നിഴൽ സൂര്യനവിടെ ബാക്കി വയ്ക്കുകയാണ്. തിരിച്ചറിവില്ലാത്ത  സമൂഹത്തിനു മുന്നിൽ തിരിച്ചറിയാനുള്ളൊരു  കാലത്തിന്റെ  അടയാളപ്പെടുത്തലായി  ആ പാവം കർഷകന്റെ നിഴലവിടെ  അവശേഷിക്കുകയാണ്.                                                                                              രജിൽ കെ പി 

Saturday, December 7, 2019

ഇന്നിന്റെ ഇന്ത്യ

2019ഇൽ മാത്രം100ഇൽ അധികം പീഡനകേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ള പ്രശസ്തമായ ഉന്നാവ ഉൾപ്പെടുന്ന ഇന്ത്യ.പീഡിപ്പിച്ചു കുടുംബത്തെ മൊത്തം ഉന്മൂലനം ചെയ്ത് ഒടുവിൽ ഇരയാക്കപ്പെട്ടവളെ തന്നെ കത്തിച്ചില്ലാതാക്കിയവരുടെ ഇന്ത്യ. രാഷ്ട്രീയസ്വാധീനവും സമ്പത്തും ഉളളവർക്ക് ഏത് പാവപ്പെട്ടവരെയും അത് പിഞ്ചു കുട്ടികളോ പ്രതികരിക്കാൻ ശേഷിയില്ലാത്തവരോ ആയാൽ പോലും കൊന്നു കെട്ടി തൂക്കാനും കത്തിച്ചില്ലാതാക്കാനും മടിയില്ലാത്തവർ വസിക്കുന്ന ഇന്ത്യ. പണമുള്ളവനും ഇല്ലാത്തവനും വ്യത്യസ്ത നിയമങ്ങൾ ഉളള ഇന്ത്യ. എണ്ണത്തിൽ 50 ശതമാനത്തിലധികം ഉള്ളവർ സ്ത്രീകളായിട്ടും നിയമസഭകളിലും  ലോകസഭകളിലും സ്ത്രീകൾക്ക് വേണ്ടി 6%  സീറ്റുകൾ മാത്രം നൽകി സ്ത്രീ സംരക്ഷണത്തെ കുറിച്ചും സ്ത്രീകളുടെ സംവരണത്തെ കുറിച്ചും വിടുവായത്തം പ്രസംഗിച്ചു നടക്കുന്നവരുടെ ഇന്ത്യ. സ്വന്തം വീട്ടിലെ കുട്ടിക്ക്  പീഡനാനുഭവം ഉണ്ടാവുമ്പോൾ മാത്രം പ്രതികരിക്കുന്ന നീതിമാന്മാരുടെ ഇന്ത്യ. അന്യന്റെ വേദനകൾ കാണാതെ സ്വാധീനം ഉള്ളവർ ചെയ്യുന്ന തെറ്റുകളിൽ പ്രതികരിക്കാതെ മാറി നിൽക്കുന്ന കപട മനുഷ്യാവകാശ പ്രവർത്തകാരുടെ ഇന്ത്യ.നടന്നു പോവുമ്പോൾ അറിയാതെങ്ങാനും പോലീസുകാരുടെ വെടി കൊണ്ട് വീണ് പോയാൽ പീഡകരുടെ കൂട്ടത്തിൽ ചോര ചീന്തി വീണ് പോയി പീഡകനായി മാറ്റപ്പെട്ടു  പോവുന്ന സാധാരണക്കാരന്റെ ഇന്ത്യ.ഇരയാക്കപ്പെട്ട്  എരിഞ്ഞു തീരുന്ന പാവപ്പെട്ട പെൺകുട്ടികളുടെ മനുഷ്യാവകാശങ്ങളെക്കാൾ  മനുഷ്യത്തമില്ലാത്ത പൈശാചിക മനസ്സുള്ള കുറ്റവാളികളുടെ അവകാശങ്ങൾക്ക് പ്രാധാന്യം കൽപ്പിക്കുന്നവരുടെ ഇന്ത്യ.അനന്തമായി നീണ്ടു പോവുന്ന നിയമ പോരാട്ടങ്ങളാൽ അർഹിക്കുന്ന നീതി നിഷേധിക്കപ്പെട്ട്  എരിഞ്ഞില്ലാതാവാൻ വിധിക്കപ്പെട്ട നിരാലംബരുടെ ഇന്ത്യ.നേരും നെറിയും ഉയർന്നു പൊങ്ങുന്ന പിശാചിന്റെ കരങ്ങളാൽ  മൂടപ്പെട്ടു കൊണ്ടിരിക്കുന്ന ഇന്ത്യ. അന്യന്റെ വേദനകൾ  കാണാൻ മനസ്സില്ലാതെ തിമിരത്താൽ ഇരുൾ മൂടി പ്രതികരണശേഷി അറ്റു പോയ എല്ലാം കൈപ്പിടിയിൽ ഭദ്രമെന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം സാമൂഹിക ജീവികൾ  'ഇന്ത്യ എത്ര സുന്ദരം' എന്ന് അപ്പോളുംനിർത്താതെ  പുലമ്പിക്കൊണ്ടേയിരിക്കുന്നു.                                                                                   രജിൽ കെ പി