Sunday, January 15, 2023

വായനകളും ഭ്രാന്തൻ ചെയ്തികളും

          ജീവിതത്തിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ടി പത്മനാഭൻ എന്ന എഴുത്തുകാരന്റെ കഥകളെ വായിച്ചു കൊണ്ടാണ് വിദ്യാഭ്യാസകാലം മുതൽ കഥകളോടും മലയാള                                സാഹിത്യത്തോടുമുള്ള പ്രണയം ആരംഭിക്കുന്നത്.കഥകളെ അറിഞ്ഞതിനു ശേഷം മനസ്സ്  കൂടുതൽ വ്യത്യസ്തതകൾ അന്വേഷിച്ചു തുടങ്ങിയപ്പോളേക്കും നോവലുകളിലേക്കും ലോക ക്ലാസ്സിക്കുകളിലേക്കും സഞ്ചരിച്ചു തുടങ്ങി. പിന്നീട് എംടിയുടെയും  വൈക്കം മുഹമ്മദ്‌ ബഷീറിന്റെയും രചനകളെ അറിഞ്ഞു തുടങ്ങിയപ്പോളാണ് എം ടി യും വൈക്കം മുഹമ്മദ്‌ ബഷീറും ലോക സാഹിത്യത്തെ അതികായന്മാരോടൊപ്പം നിൽക്കുന്ന മലയാളത്തിലെ ഏറ്റവും മികച്ച എഴുത്തുകാരാണെന്നു മനസ്സിലായി തുടങ്ങുന്നത്.വേറിട്ട നാടൻ ശൈലിയിലൂടെയും കുന്നോളം ആർജ്ജിച്ച ജീവിതാനുഭവങ്ങളിലൂടെയും വൈക്കം മുഹമ്മദ്‌ ബഷീർ എന്ന എഴുത്തുകാരൻ സൃഷ്ടിച്ച രചനകൾ മുഴുവൻ വായിച്ചു തീർന്നപ്പോൾ ജീവിതത്തിൽ ഒരിക്കലും നേരിൽ കാണാൻ സാധിക്കാത്ത ബഷീർ എന്ന എഴുത്തുകാരൻ ഹൃദയത്തിന്റെ ഭാഗമായി മാറുകയായിരുന്നു.വീടിന് മുന്നിലൂടെ സ്ഥിരമായി  ഒരുമ്മയും പിറകെ വാലായി കൈയിൽ പിറകെ ചപ്പിലയും പിടിച്ചു ഒരു മകനും സ്ഥിരമായി നടന്നു പോവുമ്പോൾ പാത്തുമ്മയുടെ ആടിൽ ബഷീർ പറയുന്ന 'പാത്തുമ്മയും പാത്തുമ്മയുടെ പിറകെ മകൾ ഖദീജയും വാലായി ഒരാടും ' എന്ന വരികളുടെ ജീവിതാവിഷ്ക്കരമായി സങ്കൽപ്പിച്ചു തുടങ്ങിയ കാലം മുതലാണ് വായന പകർന്നു തരുന്ന ഭ്രാന്തൻ അനുഭവങ്ങൾ അനുഭവിച്ചു തുടങ്ങുന്നത്. വായനയെ ആഴത്തിൽ സമീപിക്കുന്നവർക്ക് മാത്രം ഉൾക്കൊള്ളാനും മനസ്സിലാക്കാനും പറ്റുന്നൊരു ശൈലി. രണ്ടാമൂഴത്തിൽ ഭീമന്റെ ചിന്തകളെ എം ടി അവതരിപ്പിച്ചു കണ്ടപ്പോളാണ് ടെലിവിഷനുകൾ പ്രചാരമില്ലാത്ത കാലത്തിൽ അമ്മ പറഞ്ഞു തന്ന കഥകളിലൂടെയും വായനകളിലൂടെയും അറിഞ്ഞ മഹാഭാരതം എന്ന ഇതിഹാസത്തിലെ കഥാപാത്രത്തെ പൊലും മികവുറ്റ ഒരു എഴുത്തുകാരൻ തന്റെ ഭാവനയിൽ എത്ര വ്യത്യസ്തമായ ശൈലിയിലും  മനോഹരമായും അവതരിപ്പിച്ചു കൊണ്ട് മികവുറ്റൊരു സൃഷ്ടിയാക്കി മാറ്റുന്നുവെന്ന് മനസ്സിലാക്കി തുടങ്ങുന്നത്. പിന്നീട് ഗബ്രിയേൽ മാർകേസിന്റെ ഏകാന്തതയുടെ 100 വർഷങ്ങൾ  വായിച്ചു തുടങ്ങിയപ്പോളാണ് പരിധിയില്ലാത്ത ഭാവനയാണ് എഴുത്തിലെ ഏറ്റവും വലിയ ലഹരി എന്ന് അറിഞ്ഞു തുടങ്ങുന്നത്.                                                                ആദ്യമായ് ബെന്യമിന്റെ ‘ആട്ജീവിതം’ വായിക്കുന്നത് ഏപ്രിലിൽ ഒരു വേനൽക്കാലത്തിലാണ്. അതിലെ കേന്ദ്ര കഥാപാത്രമായ  നജീബ്   മരുഭൂമിയിൽ വെള്ളം കുടിക്കാതെ നടന്ന രംഗം ആലോചിച്ചു ഞാൻ ഒരു ദിവസം വെള്ളം കുടിക്കാതെ നിന്ന് നോക്കിയിട്ടുണ്ട്. കേൾക്കുന്നവർക്ക് ഒരു പക്ഷെ ഭ്രാന്തായി തൊന്നും. ഒരു ചർച്ചയിൽ ഞാൻ ഈ കാര്യം ബെന്യാമിനോട് പറഞ്ഞു. അപ്പോൾ ബെന്യാമിൻ പറഞ്ഞത് ആട്ജീവിതം എഴുതുന്ന വേളയിൽ നജീബിനെ അറിയാനായി മരുഭൂമിയിലൂടെ നടന്നിരുന്നു എന്നാണ്. എഴുത്തിനെയും വായനയെയും സിരകളിൽ ഒരു ലഹരിയായി കരുതാത്തവർക്ക് ഇതൊരു ഭ്രാന്തായി തൊന്നും എന്ന് പറഞ്ഞു. അതൊരു സത്യമാണ്.ഇത്തരത്തിൽ ഉള്ള ഒരു പാട് ഭ്രാന്തൻ ചെയ്തികളിലൂടെ കടന്നു പോവുമ്പോൾ മാത്രമേ ഒരു കഥയും നോവലും എഴുതാൻ സാധിക്കുകയുള്ളൂ. പഴയ എഴുത്തുകാർക്ക് കിട്ടിയ അനുഭവങ്ങൾ പുതിയ കാലത്തെ എഴുത്തുകാർക്ക് ലഭിക്കുന്നില്ല എന്നതും ഒരു യാഥാർഥ്യമാണ്.                                                            ഒരെഴുത്തുകാരൻ തന്റെ  പരിധിയില്ലാത്ത ഭാവനയിൽ നെയ്‌തെടുത്ത്‌ എഴുതിയുണ്ടാക്കുന്നതാവുന്നു ഓരോ രചനകളുമെന്ന് ഇത് വരെയുള്ള വായനകൾ  പഠിപ്പിച്ചു തന്നിരിക്കുന്നു. ഒരിക്കലും പൂർത്തിയാവാത്ത അറിവുകളിലൂടെയും പുതിയ വായനകളിലൂടെയും  എഴുതി തൃപ്തിയാവാതെ ചുരുട്ടിയെറിഞ്ഞ കടലാസുകളുമായ് മല്ലിട്ട പാതിരാവുകളിലൂടെയും എന്നെങ്കിലും മികവുറ്റൊരു രചന പുറത്തിറക്കാൻ സാധിക്കുമെന്ന ശുഭപ്രതീക്ഷയോടെ ജീവിതം മുന്നോട്ട് പോവുന്നു.