ഒഴുകുന്ന പുഴ പോലെ ജീവിതയാത്രകൾ. ഇന്നലെകളിലെ സന്തോഷങ്ങളും ദുഃഖങ്ങളും ഓർമ്മക്കൂടുകളിലൊതുക്കി നാളെകളിലെ സ്വപ്‌നങ്ങളുടെ ചിറകിലേറിയുള്ള അപ്രവചനീയതകൾ നിറഞ്ഞ ജീവിതപ്രയാണങ്ങൾ.ഹൃദയത്തിന്റെ ഭാഗമായ സൗഹൃദങ്ങളുടെ തണൽ പകർന്നു തരുന്ന കുളിർമ ജീവിതയാത്രകളിലെ എരിയുന്ന കനലിനെന്നും ആശ്വാസമാവുന്നു.നിശ്ചലമാവുന്ന ഹൃദയമിടിപ്പുകളിൽ അറ്റു പോവുന്ന ബന്ധങ്ങളിലെ കണ്ണികൾ ഹൃദയത്തിന്റെ അറയിലൊരു നെരിപ്പോടായി അവശേഷിക്കുന്നു. ഉറ്റവർ ശത്രുക്കളും ശത്രുക്കൾ മിത്രങ്ങളുമായി മാറുന്ന ജീവിതനാടകങ്ങൾ.എന്തിനെന്നറിയാതെ മത്സരിച്ചു കൊണ്ട് വെട്ടിപ്പിടിക്കാനും കീഴടക്കാനുമുള്ള ഓട്ടത്തിനിടയിൽ ജീവിക്കുന്ന ഇന്നുകളെ ആസ്വദിക്കാൻ മറന്നു പോവുന്ന മനുഷ്യർ സത്യം തിരിച്ചറിയുന്ന നേരമാവുമ്പോളേക്കും ഒരു പാട് അകലേക്ക് സഞ്ചരിച്ചു കഴിഞ്ഞിരുന്നു. തിരിച്ചു പിടിക്കാനും തിരിച്ചെത്താനും സമയം ബാക്കിയാവാത്തത്രയും അകലേക്ക്.