ആഘോഷങ്ങളിലാറാടുന്ന നിമിഷങ്ങളിൽ യുവതയെ ചുറ്റി പിടിക്കുന്ന ലഹരികൾ മദ്യമായും കഞ്ചാവായും ഹാൻസായും വ്യത്യസ്തമാം വേഷങ്ങളിൽ ലഹരിയുടെ നീരാളികൈകളാൽ വരിഞ്ഞു മുറുക്കപ്പെടുന്ന മർത്യർ എന്തിനെന്നറിയാതടിമപ്പെടുന്ന ലഹരിക്ക് മുന്നിൽ തിരിച്ചറിവ് നഷ്ടപ്പെടുന്ന മനുജർ നിറങ്ങളറിയാതെ ഭാവങ്ങളറിയാതെ ലഹരിക്കായെരിഞ്ഞു തീരുന്ന നിമിഷങ്ങളിൽ തിരിച്ചു വരവിനായ് കൊതിക്കുന്ന മനസ്സുകൾ വൈകിയ വേളയിലെ തിരിച്ചറിവുകൾ ജീവിതയാത്രകളിലെ കൈ വിട്ട സ്വപ്‌നങ്ങൾ തിരിച്ചെടുക്കാനായ് സമയമാവശേഷിപ്പിക്കില്ലെന്നവനറിയുന്നു നല്ലൊരു നാളേക്കായ് ലഹരിവിമുക്തലോകത്തിനായ് ഒന്നിച്ചു തുഴയട്ടെ മാലോകരൊന്നാകെ. രജിൽ കെ പി.
Thursday, June 23, 2022
Saturday, May 7, 2022
കെറെയിൽ ചോദ്യങ്ങൾ
ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം ലാഭത്തിൽ അല്ലെന്ന് കണ്ടു ചൈന പൊലും ഇനി പുതിയ അതിവേഗപാത വേണ്ടെന്ന് തീരുമാനമെടുത്തെന്ന് ഒരു ചർച്ചയിൽ ഒരാൾ ഉന്നയിച്ചു കണ്ടു.കോടികൾ കടമെടുത്തു അത്തരത്തിൽ ഉള്ള അതിവേഗപാത മാത്രമാണ് വികസനം എന്ന് പറഞ്ഞു കൊണ്ട് ഇതിനെ ന്യായീകരിക്കുന്നവരോട് ചില ചോദ്യങ്ങൾ. 1.കെറെയിൽ പ്രൊജക്റ്റ് റിപ്പോർട്ടിൽ പൊലും പറയുന്നത് നിലവിൽ കിലോമീറ്ററിന് 3.90 രൂപ ടിക്കറ്റ് ചാർജ് ഉണ്ടാവുമെന്നാണ്. ഈ ചാർജ് വരുന്നത് ദിവസേന 80000 യാത്രക്കാർ ഉണ്ടാവുകയും 64000 കോടിക്ക് സമയബന്ധിതമായി പദ്ധതി പൂർത്തിയാവുകയും ചെയ്താൽ മാത്രമാണ്. അത് ഏറെക്കുറെ അപ്രാപ്യമാണെന്ന് ഭൂരിഭാഗം പേരും വിശ്വസിക്കുന്നു. ഇനി ഈ പദ്ധതിയെ അനുകൂലിക്കുന്നവരുടെ വാദത്തിന് സമ്മതിച്ചാൽ പൊലും കണ്ണൂരിൽ നിന്നും തിരുവനന്തപുരം പോയി വരാൻ ഒരാൾക്ക് 3000 രൂപ ചിലവ് വരും. ഗവണ്മെന്റ് ജീവനക്കാരായവർക്ക് പൊലും ഈ വിലയിൽ ദിവസേന യാത്ര സാധ്യമല്ലെന്നിരിക്കെ കേരളത്തിലെ എത്ര സാധാരണക്കാർ ഇതിന്റെ ഗുണഭോക്താക്കളാവും. അപ്പോൾ ജനപക്ഷസർക്കാർ ഇവിടത്തെ വലിയ പണക്കാരായ കുറച്ച് ആളുകൾക്ക് വേണ്ടി മാത്രമാണോ ഇത്രയേറെ കടബാധ്യത ഉണ്ടാക്കി ഇങ്ങനെയൊരു പദ്ധതി നടപ്പിലാക്കുമെന്ന് പറയുന്നത്.സർക്കാർ സാധാരണക്കാർക്കൊപ്പമാണോ അതോ വരേണ്യ വിഭാഗത്തിൽ വരുന്ന കുറച്ച് പേർക്ക് വേണ്ടി ഒരു വൻകിടപദ്ധതിയുടെ പേരിൽ കേരളത്തിലെ മൊത്തം ജനങ്ങളുടെ ചുമലിൽ കടഭാരം അടിച്ചേൽപ്പിക്കുകയാണോ. 2.നിരവധി തവണ പ്രളയങ്ങൾ ഉണ്ടായിട്ടുള്ളൊരു സംസ്ഥാനമാണ് കേരളം. വയനാട്ടിലെയൊക്കെ മണ്ണിന്റെ ഘടന മാറി പോയെന്ന് വരെ വായിച്ചിരുന്നു. ഇത്രയേറെ പാരിസ്ഥിതിക ദുർബലമായൊരു സംസ്ഥാനത്തിൽ 8 മീറ്ററും 10 മീറ്ററും ഉയരത്തിൽ മതിൽ കെട്ടി നിർമ്മിതി ഉണ്ടാക്കുമ്പോൾ ഉണ്ടാവാൻ സാധ്യതയുള്ള പ്രളയത്തെ കുറിച്ച് എന്തെങ്കിലും ശാസ്ത്രീയമായ പഠനങ്ങൾ ബന്ധപ്പെട്ടവർ നടത്തിയിട്ടുണ്ടോ.ഇതൊന്നുമില്ലാതെ തന്നെ നിരവധി പ്രളയങ്ങളും മണ്ണിടിച്ചലുകളും കേരള ജനത നേരിട്ട് കണ്ടു കഴിഞ്ഞു. ഇനി ഇങ്ങനെ ഉയരത്തിൽ മതിൽ കെട്ടി പൊക്കി മറ്റൊരു ദുരന്തം കൂടി കേരളീയർക്ക് സമ്മാനിക്കേണ്ടതുണ്ടോ. 3.റെയിൽവേ സ്വകാര്യവൽക്കരണത്തിനെതിരെ ശക്തമായ നിലപാട് എടുത്തിട്ടുള്ളവരാണ് ഇടത്പക്ഷം.അതേ ഇടതു പക്ഷം ഭൂരിഭാഗവും സ്വകാര്യ പങ്കാളിത്തത്തോടെ കോടികൾ കടമെടുത്തു നടത്തുന്ന പദ്ധതി നയത്തിൽ വന്ന വ്യതിയാനമാണോ അതോ ഭരിക്കുമ്പോൾ ഒരു നയം പ്രതിപക്ഷത്തിരിക്കുമ്പോൾ മറ്റൊരു നയമെന്നാണോ. ഇതൊക്കെ ചെയ്തിട്ട് മറ്റുള്ളവർ സ്വകാര്യവൽക്കരണം നടത്തുകയും വിൽക്കുകയും ചെയ്യുന്നതിനെ ന്യായീകരിക്കാൻ എന്തെങ്കിലും ധാർമ്മികത ഇടത്പക്ഷത്തിനു അവകാശപ്പെടാൻ സാധിക്കുമോ. നിലവിലുള്ള റെയിൽവെ വികസനവും റോഡ് വികസനവും ആളുകളെ കുറയ്ക്കുമെന്ന് സിൽവർലൈൻ പദ്ധതിയുടെ പ്രൊജക്റ്റ് റിപ്പോർട്ടിൽ തന്നെ പറഞ്ഞു വച്ചിട്ടുണ്ട്. മിതമായ നിരക്കിൽ യാത്ര സൗകര്യം നൽകുന്ന റെയിൽവെ വികസനത്തെയും റോഡ് വികസനത്തെയും അസ്ഥിരപ്പെടുത്തിക്കൊണ്ട് വേഗത എന്ന ഒറ്റ കാര്യം പറഞ്ഞു കോടികൾ കടബാധ്യതയിൽ കേരളത്തിലെ സാധാരണക്കാർക്ക് യാത്ര ചെയ്യാൻ സാധിക്കാത്തത്രയും ഉയർന്ന ടിക്കറ്റ് നിരക്കുള്ള ഒരു പദ്ധതി കൊണ്ട് എന്ത് വികസനമാണ് ഇത് ചെയ്യുന്നവർ കേരളത്തിലെ സാധാരണക്കാർക്ക് നൽകുന്നത്. 4.കുടിയൊഴിപ്പിക്കുന്ന 20000 കുടുംബങ്ങൾക്ക് 3 ഇരട്ടിയും 4 ഇരട്ടിയും നഷ്ടപരിഹാരം നൽകാൻ വേണ്ടി നഷ്ടപരിഹാരത്തിനായ് നീക്കി വച്ചിട്ടുള്ള 13000 കോടിയിൽ നിന്നും നൽകാൻ സാധിക്കുമോ.ബഫർ സോണിന്റെ പരിധിയിൽ പെടുന്നവരുടെ ആശങ്കകൾക്ക് എന്ത് മറുപടിയാണ് നൽകാൻ സാധിക്കുക. 5.നിർമ്മാണ സാമഗ്രികൾക്ക് ക്ഷാമം നേരിട്ടത് കൊണ്ടാണ് വിഴിഞ്ഞം പദ്ധതി ഇഴഞ്ഞു നീങ്ങുന്നതെന്ന് പറയപ്പെടുന്നു.വിഴിഞ്ഞം പദ്ധതിയെക്കാൾ എത്രയോ അധികം നിർമ്മാണസാമഗ്രികൾ ആവശ്യമുള്ളൊരു പദ്ധതി സമയബന്ധിതമായി തീർക്കാൻ സാധിക്കുമെന്ന് എന്തുറപ്പാണ് ഈ പദ്ധതിയുമായി മുന്നോട്ട് പോവുന്നവർക്ക് നൽകാൻ സാധിക്കുക. ഏതൊരു വികസനപദ്ധതിയുടെയും ഗുണഭോക്താക്കൾ ജനങ്ങൾ ആണെന്നിരിക്കെ എതിർക്കുന്ന ജനങ്ങളെ മൊത്തം വെല്ലുവിളിച്ചുകൊണ്ടും വികസന വിരുദ്ധർ ആക്കി മാറ്റിക്കൊണ്ടുമാണോ ജനപക്ഷമെന്നവകാശപ്പെടുന്നൊരു സർക്കാർ ഇത്ര ഭാരിച്ച കടബാധ്യത ഉണ്ടാക്കുന്നൊരു പദ്ധതി ഉണ്ടാക്കേണ്ടത്.ഇതാണോ ജനപക്ഷനയം.കടബാധ്യത കുമിഞ്ഞു കൂടുന്നൊരു സംസ്ഥാനത്തിന് ഒട്ടും അഭികാമ്യമല്ലാത്ത ഒരു പദ്ധതിയുടെ പേരിൽ വീണ്ടും കോടികൾ കടമുണ്ടാക്കി ഒരു പദ്ധതി ആവശ്യമുണ്ടോയെന്ന് കേരളത്തിലെ സാധാരണക്കാർക്ക് വേണ്ടി ഈ പദ്ധതിയുമായി മുന്നോട്ട് പോവുന്നവർ പുനർവിചിന്തനം ചെയ്യേണ്ടിയിരിക്കുന്നു. വികസനമെന്ന പേരിൽ കോടികൾ വായ്‌പയെടുത്തു തിരിച്ചടക്കാൻ സാധിക്കാതെ വരികയും ക്രെഡിറ്റ് ഏജൻസി റേറ്റിംഗ് താഴ്ത്തിയതിനു ശേഷം വായ്‌പ എടുക്കാൻ ആവാതെ പോവുകയും ചെയ്ത ശ്രീലങ്കയുടെ ചിത്രം മുന്നിലുള്ളപ്പോളാണ് ഒരു പാട് അറിവുണ്ടെന്ന് അവകാശപ്പെടുന്നവർ ഇത്തരത്തിലുള്ള കോടികൾ കടബാധ്യത ഉണ്ടാക്കുന്ന പദ്ധതിയുമായി മുന്നിട്ടിറങ്ങുന്നതെന്നാണ് ഏറ്റവും നിരാശയുണ്ടാക്കുന്ന കാര്യം.സാധാരണക്കാരന് വേണ്ടിയുള്ള ഒന്നാവണം വികസനം.ജനങ്ങളെ മൊത്തം കടത്തിൽ മുക്കി സമൂഹത്തിലെ വരേണ്യ വിഭാഗക്കാർക്ക് വേണ്ടി മാത്രമുള്ള വികസനം ആവുമ്പോൾ അരക്ഷിതരായ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന സാധാരണക്കാർക്ക് അത് ഉൾക്കൊള്ളാൻ സാധിച്ചെന്ന് വരില്ല.ശുദ്ധമായ ഭൂമിയും വായുവും ജലവും തന്നെയാണ് മനുഷ്യന്റെ നില നിൽപ്പിന്റെ അത്യാവശ്യം വേണ്ടുന്ന വികസനം.വികസനത്തിന്റെ പേരിൽ നിർമ്മാണശാലകൾ കെട്ടി പൊക്കിയ രാജ്യങ്ങളിൽ നിന്നും ശുദ്ധമായ വായു പൊലും ലഭ്യമാവുന്നില്ലെന്ന തരത്തിലുള്ള ഭീതി ജനിപ്പിക്കുന്ന വാർത്തകളാണ് പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ടുള്ള വികസനങ്ങളിലൂടെ മാത്രമേ ഇനി മനുഷ്യർക്ക് മുന്നോട്ട് പോവാൻ സാധിക്കുകയുള്ളൂ.കേരളത്തിലെ പരിസ്ഥിതി മുന്നേറ്റങ്ങളിൽ സ്ഥിരമായി ആലപിച്ചു കേൾക്കാറുള്ള കവിതയിലെ വരികൾ ചുവടെ ചേർക്കുന്നു. ‘ഇനി വരുന്നൊരു തലമുറയ്ക്ക്
ഇവിടെ വാസം സാധ്യമോ
മലിനമായ ജലാശയം
അതി മലിനമായൊരു ഭുമിയും' അർത്ഥവത്തായ ഈ വരികളുടെ അർത്ഥം തിരിച്ചറിഞ്ഞു കൊണ്ട് ഇന്നിന്റെ തലമുറയും ഇനി വരുന്ന തലമുറയും ജീവിതങ്ങളെ മുന്നോട്ട് നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു.