കൊച്ചി നിവാസികൾ കുടിവെള്ളത്തിനു വേണ്ടി പ്രതിഷേധിക്കുന്ന കാഴ്ച്ചകൾ കണ്ടിട്ടുണ്ടെങ്കിലും, വിഷപ്പുകയിൽ അമരുന്ന കാഴ്ച്ച ആദ്യമായാണ് കാണുന്നത്.മനുഷ്യന്റെ അശാസ്ത്രീയമായ പ്രവൃത്തികൾ കാരണം മനുഷ്യന് ലഭിക്കുന്ന വായുവും വെള്ളവും പൊലും മലിനമാക്കപ്പെട്ടു കൊണ്ടിരിക്കുമ്പോൾ ഇനി വരുന്നൊരു തലമുറയ്ക്ക് ജീവിതം അസാധ്യമാവുകയാണ് ചെയ്യുന്നത്. കേരളത്തിൽ ചെറിയൊരു മഴ പെയ്താൽ പൊലും വെള്ളം ഉയർന്നു പൊങ്ങുന്നൊരു സ്ഥലമായി കൊച്ചി മാറിയിട്ട് നാളുകളേറെയായി.പ്രളയം ഉണ്ടാവുമ്പോൾ നിലവിളിക്കുകയല്ലാതെ നമ്മൾ പ്രളയത്തെ തടയാനായുള്ള ക്രിയാത്മകമായ ഇടപെടലുകൾ നടത്തുന്നതായി തോന്നിയിട്ടില്ല. അശാസ്ത്രീയമായ കെട്ടിട നിർമ്മിതികൾ കാരണം വെള്ളത്തിനു ഒഴുകിപ്പോവാനുള്ള സ്ഥലം ലഭിക്കാതാവുന്നതാണ് പ്രളയം ഉണ്ടാവാനുള്ള കരണങ്ങളിലൊന്നെന്നത് അധികമാരും ഉന്നയിച്ചു കണ്ടിട്ടില്ല.വികസനത്തിന്റെ അതിവേഗപ്പാച്ചിലിനിടയിൽ അധികാരം കൈയാളുന്നവർ ജീവിക്കുന്ന മനുഷ്യരെയും പരിസ്ഥിതിയെയും മറന്നപ്പോൾ, മാലിന്യസംസ്ക്കരണം പാളിയപ്പോൾ ബ്രഹ്മപുരത്തെ വിഷപ്പുകയിൽ കൊച്ചി നിവാസികൾക്ക് നിലവിൽ നികുതി ഇല്ലാതെ കിട്ടിക്കൊണ്ടിരിക്കുന്ന ശുദ്ധവായു പൊലും നിഷേധിക്കപ്പെട്ടിരിക്കുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുമ്പോൾ പുറത്ത് വിടുന്ന ഡയോക്സിൻ ഉണ്ടാക്കുന്ന ശാരീരിക പ്രശ്നങ്ങളെ കുറിച്ച് പ്രബുദ്ധർ എന്നവകാശപ്പെടുന്ന കേരളജനത ഇന്നും ആഴത്തിൽ മനസ്സിലാക്കിയിട്ടുണ്ടോ എന്നറിയില്ല.അധികാരകേന്ദ്രങ്ങളുടെ ഭാഗത്ത് നിന്നുമുണ്ടായ വീഴ്ച്ചകളുടെ ഭാഗമായി ബ്രഹ്മപുരത്ത് കൂട്ടിയിട്ട മാലിന്യങ്ങൾ സമയബന്ധിതമായി സംസ്ക്കരിക്കാനാവാതെ വന്നപ്പോൾ, മാലിന്യങ്ങൾ കത്തിയമർന്നപ്പോളുണ്ടായ വിഷപ്പുകയുടെ പ്രശ്നങ്ങളാണ് സമീപവാസികളായ ജനത ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിയമർന്നപ്പോൾ ഉണ്ടായ നൈട്രജൻ ഡയോക്സയിഡ് കലർന്ന വായു ശ്വസിക്കുന്നത് കരണമുണ്ടാവുന്ന ശ്വാസം മുട്ടലാണ് പ്രാരംഭഘട്ടത്തിൽ ഉണ്ടാവുന്ന ബുദ്ധിമുട്ട് എന്ന് തോന്നാമെങ്കിലും ഭാവിയിൽ ഇതല്ല ഇതുണ്ടാക്കാൻ പോവുന്ന ഗുരുതരമായ പ്രത്യാഘാതങ്ങൾ.പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തുമ്പോൾ ഉണ്ടാവുന്ന ഡയോക്സിൻ വായുവിലും മണ്ണിലും ജലത്തിലും കലരുന്നു എന്നതാണ് ഇതുണ്ടാക്കൻ പോവുന്ന ഗുരുതരമായ പ്രത്യാഘാതം. മണ്ണിലും ജലത്തിലും കലരുന്ന ഡയോക്സിൻ വർഷങ്ങളോളം അത് കലരുന്നയിടങ്ങളിൽ നില നിൽക്കുന്നു. ജലത്തിലൂടെ മൽസ്യങ്ങളിലേക്ക് വ്യാപിക്കുന്ന ഡയോക്സിൻ കാലക്രമേണ മനുഷ്യരിലേക്കും വ്യാപിക്കുന്നു.ശരീരത്തിനുള്ളിൽ എത്തുന്ന ഡയോക്സിനെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ ശരീരത്തിന് വരുമ്പോൾ ശരീരം കൊഴുപ്പുകളിൽ നിക്ഷേപിക്കുന്ന നില വരുന്നു.ഈ പ്രക്രിയ തുടർച്ചയായി നടക്കുമ്പോൾ കാലക്രമേണ ലിവർ സംബദ്ധമായ അസുഖങ്ങളായും കിഡ്നി സംബദ്ധങ്ങളായ അസുഖങ്ങളായും കാൻസർ ആയുമൊക്കെ മാറാൻ വരെ സാധ്യതയുണ്ട്. ഒരുപാട് പുരോഗതി പ്രാപിച്ചിട്ടുള്ള അമേരിക്കയും ഗ്രീസും ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ പ്ലാസ്റ്റിക് മാലിന്യം കത്തിച്ചപ്പോൾ ഉണ്ടായിട്ടുള്ള കെടുതികൾ അനുഭവിച്ചിട്ടുള്ളവരാണ്. വികസനങ്ങൾക്കൊപ്പം പരിസ്ഥിതിയുടെ സ്വാഭാവികതാളം കൂടി നില നിന്നാൽ മാത്രമേ മനുഷ്യജീവിതം സാധ്യമാവൂ എന്ന സത്യം മനുഷ്യർ തിരിച്ചറിഞ്ഞില്ലെങ്കിൽ വിഷവായുവും മലിനജലവും മനുഷ്യജീവിതങ്ങളെ കാർന്നു തിന്നു കൊണ്ട് അധികം സമയമെടുക്കാതെ മനുഷ്യർ ഭൂമുഖത്തു നിന്നും തുടച്ചു നീക്കപ്പെടുമെന്ന കാര്യത്തിൽ തർക്കമുണ്ടാവാനിടയില്ല. രജിൽ കെ പി
Thursday, March 9, 2023
Sunday, January 15, 2023
വായനകളും ഭ്രാന്തൻ ചെയ്തികളും
ജീവിതത്തിൽ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ടി പത്മനാഭൻ എന്ന എഴുത്തുകാരന്റെ കഥകളെ വായിച്ചു കൊണ്ടാണ് വിദ്യാഭ്യാസകാലം മുതൽ കഥകളോടും മലയാള സാഹിത്യത്തോടുമുള്ള പ്രണയം ആരംഭിക്കുന്നത്.കഥകളെ അറിഞ്ഞതിനു ശേഷം മനസ്സ് കൂടുതൽ വ്യത്യസ്തതകൾ അന്വേഷിച്ചു തുടങ്ങിയപ്പോളേക്കും നോവലുകളിലേക്കും ലോക ക്ലാസ്സിക്കുകളിലേക്കും സഞ്ചരിച്ചു തുടങ്ങി. പിന്നീട് എംടിയുടെയും വൈക്കം മുഹമ്മദ് ബഷീറിന്റെയും രചനകളെ അറിഞ്ഞു തുടങ്ങിയപ്പോളാണ് എം ടി യും വൈക്കം മുഹമ്മദ് ബഷീറും ലോക സാഹിത്യത്തെ അതികായന്മാരോടൊപ്പം നിൽക്കുന്ന മലയാളത്തിലെ ഏറ്റവും മികച്ച എഴുത്തുകാരാണെന്നു മനസ്സിലായി തുടങ്ങുന്നത്.വേറിട്ട നാടൻ ശൈലിയിലൂടെയും കുന്നോളം ആർജ്ജിച്ച ജീവിതാനുഭവങ്ങളിലൂടെയും വൈക്കം മുഹമ്മദ് ബഷീർ എന്ന എഴുത്തുകാരൻ സൃഷ്ടിച്ച രചനകൾ മുഴുവൻ വായിച്ചു തീർന്നപ്പോൾ ജീവിതത്തിൽ ഒരിക്കലും നേരിൽ കാണാൻ സാധിക്കാത്ത ബഷീർ എന്ന എഴുത്തുകാരൻ ഹൃദയത്തിന്റെ ഭാഗമായി മാറുകയായിരുന്നു.വീടിന് മുന്നിലൂടെ സ്ഥിരമായി ഒരുമ്മയും പിറകെ വാലായി കൈയിൽ പിറകെ ചപ്പിലയും പിടിച്ചു ഒരു മകനും സ്ഥിരമായി നടന്നു പോവുമ്പോൾ പാത്തുമ്മയുടെ ആടിൽ ബഷീർ പറയുന്ന 'പാത്തുമ്മയും പാത്തുമ്മയുടെ പിറകെ മകൾ ഖദീജയും വാലായി ഒരാടും ' എന്ന വരികളുടെ ജീവിതാവിഷ്ക്കരമായി സങ്കൽപ്പിച്ചു തുടങ്ങിയ കാലം മുതലാണ് വായന പകർന്നു തരുന്ന ഭ്രാന്തൻ അനുഭവങ്ങൾ അനുഭവിച്ചു തുടങ്ങുന്നത്. വായനയെ ആഴത്തിൽ സമീപിക്കുന്നവർക്ക് മാത്രം ഉൾക്കൊള്ളാനും മനസ്സിലാക്കാനും പറ്റുന്നൊരു ശൈലി. രണ്ടാമൂഴത്തിൽ ഭീമന്റെ ചിന്തകളെ എം ടി അവതരിപ്പിച്ചു കണ്ടപ്പോളാണ് ടെലിവിഷനുകൾ പ്രചാരമില്ലാത്ത കാലത്തിൽ അമ്മ പറഞ്ഞു തന്ന കഥകളിലൂടെയും വായനകളിലൂടെയും അറിഞ്ഞ മഹാഭാരതം എന്ന ഇതിഹാസത്തിലെ കഥാപാത്രത്തെ പൊലും മികവുറ്റ ഒരു എഴുത്തുകാരൻ തന്റെ ഭാവനയിൽ എത്ര വ്യത്യസ്തമായ ശൈലിയിലും മനോഹരമായും അവതരിപ്പിച്ചു കൊണ്ട് മികവുറ്റൊരു സൃഷ്ടിയാക്കി മാറ്റുന്നുവെന്ന് മനസ്സിലാക്കി തുടങ്ങുന്നത്. പിന്നീട് ഗബ്രിയേൽ മാർകേസിന്റെ ഏകാന്തതയുടെ 100 വർഷങ്ങൾ വായിച്ചു തുടങ്ങിയപ്പോളാണ് പരിധിയില്ലാത്ത ഭാവനയാണ് എഴുത്തിലെ ഏറ്റവും വലിയ ലഹരി എന്ന് അറിഞ്ഞു തുടങ്ങുന്നത്. ആദ്യമായ് ബെന്യമിന്റെ ‘ആട്ജീവിതം’ വായിക്കുന്നത് ഏപ്രിലിൽ ഒരു വേനൽക്കാലത്തിലാണ്. അതിലെ കേന്ദ്ര കഥാപാത്രമായ നജീബ് മരുഭൂമിയിൽ വെള്ളം കുടിക്കാതെ നടന്ന രംഗം ആലോചിച്ചു ഞാൻ ഒരു ദിവസം വെള്ളം കുടിക്കാതെ നിന്ന് നോക്കിയിട്ടുണ്ട്. കേൾക്കുന്നവർക്ക് ഒരു പക്ഷെ ഭ്രാന്തായി തൊന്നും. ഒരു ചർച്ചയിൽ ഞാൻ ഈ കാര്യം ബെന്യാമിനോട് പറഞ്ഞു. അപ്പോൾ ബെന്യാമിൻ പറഞ്ഞത് ആട്ജീവിതം എഴുതുന്ന വേളയിൽ നജീബിനെ അറിയാനായി മരുഭൂമിയിലൂടെ നടന്നിരുന്നു എന്നാണ്. എഴുത്തിനെയും വായനയെയും സിരകളിൽ ഒരു ലഹരിയായി കരുതാത്തവർക്ക് ഇതൊരു ഭ്രാന്തായി തൊന്നും എന്ന് പറഞ്ഞു. അതൊരു സത്യമാണ്.ഇത്തരത്തിൽ ഉള്ള ഒരു പാട് ഭ്രാന്തൻ ചെയ്തികളിലൂടെ കടന്നു പോവുമ്പോൾ മാത്രമേ ഒരു കഥയും നോവലും എഴുതാൻ സാധിക്കുകയുള്ളൂ. പഴയ എഴുത്തുകാർക്ക് കിട്ടിയ അനുഭവങ്ങൾ പുതിയ കാലത്തെ എഴുത്തുകാർക്ക് ലഭിക്കുന്നില്ല എന്നതും ഒരു യാഥാർഥ്യമാണ്. ഒരെഴുത്തുകാരൻ തന്റെ പരിധിയില്ലാത്ത ഭാവനയിൽ നെയ്തെടുത്ത് എഴുതിയുണ്ടാക്കുന്നതാവുന്നു ഓരോ രചനകളുമെന്ന് ഇത് വരെയുള്ള വായനകൾ പഠിപ്പിച്ചു തന്നിരിക്കുന്നു. ഒരിക്കലും പൂർത്തിയാവാത്ത അറിവുകളിലൂടെയും പുതിയ വായനകളിലൂടെയും എഴുതി തൃപ്തിയാവാതെ ചുരുട്ടിയെറിഞ്ഞ കടലാസുകളുമായ് മല്ലിട്ട പാതിരാവുകളിലൂടെയും എന്നെങ്കിലും മികവുറ്റൊരു രചന പുറത്തിറക്കാൻ സാധിക്കുമെന്ന ശുഭപ്രതീക്ഷയോടെ ജീവിതം മുന്നോട്ട് പോവുന്നു.