കൊച്ചി നിവാസികൾ കുടിവെള്ളത്തിനു വേണ്ടി പ്രതിഷേധിക്കുന്ന കാഴ്ച്ചകൾ കണ്ടിട്ടുണ്ടെങ്കിലും, വിഷപ്പുകയിൽ അമരുന്ന കാഴ്ച്ച ആദ്യമായാണ് കാണുന്നത്.മനുഷ്യന്റെ അശാസ്ത്രീയമായ പ്രവൃത്തികൾ കാരണം മനുഷ്യന് ലഭിക്കുന്ന വായുവും വെള്ളവും പൊലും മലിനമാക്കപ്പെട്ടു കൊണ്ടിരിക്കുമ്പോൾ ഇനി വരുന്നൊരു തലമുറയ്ക്ക് ജീവിതം അസാധ്യമാവുകയാണ് ചെയ്യുന്നത്. കേരളത്തിൽ ചെറിയൊരു മഴ പെയ്താൽ പൊലും വെള്ളം ഉയർന്നു പൊങ്ങുന്നൊരു സ്ഥലമായി കൊച്ചി മാറിയിട്ട് നാളുകളേറെയായി.പ്രളയം ഉണ്ടാവുമ്പോൾ നിലവിളിക്കുകയല്ലാതെ നമ്മൾ പ്രളയത്തെ തടയാനായുള്ള ക്രിയാത്മകമായ ഇടപെടലുകൾ നടത്തുന്നതായി തോന്നിയിട്ടില്ല. അശാസ്ത്രീയമായ കെട്ടിട നിർമ്മിതികൾ കാരണം വെള്ളത്തിനു ഒഴുകിപ്പോവാനുള്ള സ്ഥലം ലഭിക്കാതാവുന്നതാണ് പ്രളയം ഉണ്ടാവാനുള്ള കരണങ്ങളിലൊന്നെന്നത് അധികമാരും ഉന്നയിച്ചു കണ്ടിട്ടില്ല.വികസനത്തിന്റെ അതിവേഗപ്പാച്ചിലിനിടയിൽ അധികാരം കൈയാളുന്നവർ ജീവിക്കുന്ന മനുഷ്യരെയും പരിസ്ഥിതിയെയും മറന്നപ്പോൾ, മാലിന്യസംസ്ക്കരണം പാളിയപ്പോൾ ബ്രഹ്മപുരത്തെ വിഷപ്പുകയിൽ കൊച്ചി നിവാസികൾക്ക് നിലവിൽ നികുതി ഇല്ലാതെ കിട്ടിക്കൊണ്ടിരിക്കുന്ന ശുദ്ധവായു പൊലും നിഷേധിക്കപ്പെട്ടിരിക്കുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുമ്പോൾ പുറത്ത് വിടുന്ന ഡയോക്സിൻ ഉണ്ടാക്കുന്ന ശാരീരിക പ്രശ്നങ്ങളെ കുറിച്ച് പ്രബുദ്ധർ എന്നവകാശപ്പെടുന്ന കേരളജനത ഇന്നും ആഴത്തിൽ മനസ്സിലാക്കിയിട്ടുണ്ടോ എന്നറിയില്ല.അധികാരകേന്ദ്രങ്ങളുടെ ഭാഗത്ത് നിന്നുമുണ്ടായ വീഴ്ച്ചകളുടെ ഭാഗമായി ബ്രഹ്മപുരത്ത് കൂട്ടിയിട്ട മാലിന്യങ്ങൾ സമയബന്ധിതമായി സംസ്ക്കരിക്കാനാവാതെ വന്നപ്പോൾ, മാലിന്യങ്ങൾ കത്തിയമർന്നപ്പോളുണ്ടായ വിഷപ്പുകയുടെ പ്രശ്നങ്ങളാണ് സമീപവാസികളായ ജനത ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിയമർന്നപ്പോൾ ഉണ്ടായ നൈട്രജൻ ഡയോക്സയിഡ് കലർന്ന വായു ശ്വസിക്കുന്നത് കരണമുണ്ടാവുന്ന ശ്വാസം മുട്ടലാണ് പ്രാരംഭഘട്ടത്തിൽ ഉണ്ടാവുന്ന ബുദ്ധിമുട്ട് എന്ന് തോന്നാമെങ്കിലും ഭാവിയിൽ ഇതല്ല ഇതുണ്ടാക്കാൻ പോവുന്ന ഗുരുതരമായ പ്രത്യാഘാതങ്ങൾ.പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തുമ്പോൾ ഉണ്ടാവുന്ന ഡയോക്സിൻ വായുവിലും മണ്ണിലും ജലത്തിലും കലരുന്നു എന്നതാണ് ഇതുണ്ടാക്കൻ പോവുന്ന ഗുരുതരമായ പ്രത്യാഘാതം. മണ്ണിലും ജലത്തിലും കലരുന്ന ഡയോക്സിൻ വർഷങ്ങളോളം അത് കലരുന്നയിടങ്ങളിൽ നില നിൽക്കുന്നു. ജലത്തിലൂടെ മൽസ്യങ്ങളിലേക്ക് വ്യാപിക്കുന്ന ഡയോക്സിൻ കാലക്രമേണ മനുഷ്യരിലേക്കും വ്യാപിക്കുന്നു.ശരീരത്തിനുള്ളിൽ എത്തുന്ന ഡയോക്സിനെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ ശരീരത്തിന് വരുമ്പോൾ ശരീരം കൊഴുപ്പുകളിൽ നിക്ഷേപിക്കുന്ന നില വരുന്നു.ഈ പ്രക്രിയ തുടർച്ചയായി നടക്കുമ്പോൾ കാലക്രമേണ ലിവർ സംബദ്ധമായ അസുഖങ്ങളായും കിഡ്നി സംബദ്ധങ്ങളായ അസുഖങ്ങളായും കാൻസർ ആയുമൊക്കെ മാറാൻ വരെ സാധ്യതയുണ്ട്. ഒരുപാട് പുരോഗതി പ്രാപിച്ചിട്ടുള്ള അമേരിക്കയും ഗ്രീസും ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ പ്ലാസ്റ്റിക് മാലിന്യം കത്തിച്ചപ്പോൾ ഉണ്ടായിട്ടുള്ള കെടുതികൾ അനുഭവിച്ചിട്ടുള്ളവരാണ്. വികസനങ്ങൾക്കൊപ്പം പരിസ്ഥിതിയുടെ സ്വാഭാവികതാളം കൂടി നില നിന്നാൽ മാത്രമേ മനുഷ്യജീവിതം സാധ്യമാവൂ എന്ന സത്യം മനുഷ്യർ തിരിച്ചറിഞ്ഞില്ലെങ്കിൽ വിഷവായുവും മലിനജലവും മനുഷ്യജീവിതങ്ങളെ കാർന്നു തിന്നു കൊണ്ട് അധികം സമയമെടുക്കാതെ മനുഷ്യർ ഭൂമുഖത്തു നിന്നും തുടച്ചു നീക്കപ്പെടുമെന്ന കാര്യത്തിൽ തർക്കമുണ്ടാവാനിടയില്ല. രജിൽ കെ പി
No comments:
Post a Comment