കോഴിക്കോട് ജില്ലയിലെ വളർന്നു കൊണ്ടിരിക്കുന്ന പ്രശസ്തമായ മൾട്ടി സ്പെഷ്യൽ ആശുപത്രിയിൽ ചികിത്സയുടെ ബില്ലുകൾ അടക്കാനാവാതെ നട്ടം തിരിയുന്ന കുറച്ചു പാവം മനുഷ്യരെ കണ്ട അനുഭവത്തിൽ നിന്നാണ് ഇതെഴുതുന്നത്.ആശുപത്രിയിൽ രോഗിയുടെ കൂടെ കയറുന്ന നിമിഷത്തിൽ തന്നെ കോട്ടിട്ട കുറെ ജീവനക്കാർ നമ്മളെ സ്വാഗതം ചെയ്യും.എമർജൻസി വിഭാഗത്തിൽ കൊണ്ട് പോവുകയാണെങ്കിൽ ആദ്യ പരിശോധനയ്ക്ക് ശേഷം തന്നെ ഏകദേശം ആവുന്ന പണം രോഗിയുടെ കൂടെ ഉള്ളവർക്ക് പറഞ്ഞു കൊടുക്കും.കൂടുതൽ അല്ലാതെ കുറവ് പ്രതീക്ഷിച്ചിട്ടു കാര്യമില്ല. അതാണ് മൾട്ടി സ്‌പെഷ്യൽ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.പിന്നീട് പണമില്ലാതെ പോവുന്നവർക്ക് കിട്ടുന്ന മറുപടി ആദ്യമേ ഞങ്ങൾ കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന മുൻകൂർ ജാമ്യം ആയിരിക്കും. ഒരു പാട് പണങ്ങൾ ചിലവാക്കി ഹോസ്പിറ്റലുകൾ പണിതുയർത്തുന്നവർ ചിലവാക്കിയ പണങ്ങൾ രോഗികളിൾ നിന്നും തിരിച്ചു പിടിക്കുമ്പോൾ ഈ മത്സരത്തിൽ പിടിച്ചു നിൽക്കാനാവാതെ പോവുന്ന പണമില്ലാത്ത സാധാരണക്കാരന് ഇവിടെ മാനുഷിക പരിഗണനയുടെ അളവുകോൽ എന്നൊന്നില്ല.ഇവിടെ മാത്രമല്ല മൾട്ടിസ്പെഷ്യൽ എന്ന് വിവക്ഷിക്കുന്ന ഒരാശുപത്രികളിലും അതുണ്ടാവുമെന്ന് തോന്നുന്നില്ല.മാനുഷികമൂല്യങ്ങളുടെ മുകളിൽ പണം നൃത്തം വയ്ക്കുന്ന ഇന്നിന്റെ ലോകത്തിൽ മനുഷ്യജീവൻ എന്നത് പണത്തിനു കീഴിൽ രണ്ടാമത് മാത്രമേ വരുന്നുള്ളൂ. ആളുകളുടെ ജീവന്റെ നിലനിൽപ്പ് ഈശ്വരൻ തീരുമാനിക്കുന്ന കാലത്തിൽ നിന്നും പണം തീരുമാനിക്കുന്ന കാലത്തിലേക്ക് ലോകം ചുവടു മാറ്റപ്പെട്ടിരിക്കുന്നു. പണമില്ലാത്ത അസുഖം ബാധിച്ച ഇന്നത്തെ കാലത്തിലെ പാവം മനുഷ്യർക്ക് ഈ ലോകത്തിൽ ജീവിക്കാൻ അവകാശമില്ലെന്ന നിലയിലേക്ക് മാറ്റപ്പെട്ടിരിക്കുന്നു. ജീവിച്ചു മതിയാവാത്ത മനുഷ്യന്റെ ദൈന്യതയെ ചൂഷണം ചെയ്തു കൊണ്ട് മൾട്ടി സ്പെഷ്യലുകളും സൂപ്പർ സ്‌പെഷ്യലുകളും ആയി ഉയർന്നു പൊങ്ങുന്ന ചികിത്സാലായങ്ങളുടെ കിട മത്സരത്തിൽ പിടിച്ചു നിൽക്കാനാവാതെ പോവുന്ന പാവപ്പെട്ട മനുഷ്യ ജന്മങ്ങൾ.മനുഷ്യജീവനുകൾക്ക് പോലും പണത്തിനു മുന്നിൽ വിലയില്ലാത്ത കാലം. ലക്ഷങ്ങൾ ചിലവാക്കി ചികിത്സ എടുത്തതിനു ശേഷം ജീവനറ്റു വീണ ശരീരം പോലും ബില്ല് അടച്ചില്ല എന്ന കാരണത്താൽ വിട്ടു കൊടുക്കാതെ പിടിച്ചു വയ്ക്കുന്ന ഇന്നിന്റെ ലോകത്തിൽ മാനുഷിക മൂല്യങ്ങളും മനുഷ്യത്തവും പ്രതീക്ഷിച്ചിട്ടു കാര്യമില്ല. മനുഷ്യത്തവും മാനുഷിക മൂല്യങ്ങളുംവിസ്മൃതിയിൽ മറഞ്ഞു പോവുന്ന ഓർമ്മക്കൂടുകൾ മാത്രം. രജിൽ കെ പി
No comments:
Post a Comment