Sunday, January 12, 2020

ഇടിഞ്ഞു വീഴുന്ന കൊട്ടാരങ്ങൾ

           മരട് ഫ്ലാറ്റ് പൊളിക്കാനുള്ള സുപ്രീം കോടതി വിധിയിൽ രോഷം പൂണ്ട്  മുന്നിട്ടിറങ്ങിയ കുറെ  രാഷ്ട്രീയ പാർട്ടികൾ ഇവിടുണ്ടായിരുന്നു. ഫ്ലാറ്റ് നിവാസികളുടെ വിഷമത്തിൽ പങ്കു ചേരാൻ മത്സരിച്ചു ഓടിയെത്തുന്ന ഒരു രാഷ്ട്രീയ പാർട്ടി നേതാക്കളും തീരദേശ നിയമം പാലിക്കാതെ അവിടെ ഫ്ലാറ്റുകൾ നിർമ്മിക്കാൻ മുന്നിട്ടിറങ്ങിയ ഒരു ബിൽഡിംഗ്‌ ഗ്രൂപ്പുകളുടെയും പേര് പോലും പ്രതിപാദിച്ചു കണ്ടില്ല.തീരദേശനിയമങ്ങൾ കാറ്റിൽ പറത്തി മരടിൽ ഫ്ലാറ്റുകൾ പണിത ബിൽഡിംഗ്‌ ഗ്രൂപ്പുകൾക്കെതിരെ ശക്തമായ നിയമനടപടികളെടുക്കുമെന്ന്‌ പറയാനുള്ള ആർജ്ജവം ഇവിടത്തെ എത്ര രാഷ്ട്രീയ പാർട്ടികൾ കാണിക്കും.നിയമങ്ങൾ പാലിക്കാതിരിക്കാൻ സർവ്വ ഒത്താശകളും ചെയ്തു കൊടുത്തു പരമോന്നത നീതിന്യായ കോടതി അതിലെ തെറ്റ് ചൂണ്ടി കാണിച്ചു കൊണ്ട്  ഒരു വിധി പുറപ്പെടുവിച്ചപ്പോൾ  വിലപിക്കുന്ന നേതാക്കൾ.                                                                                                                                        കോർപ്പറേറ്റുകൾക്ക്  നിയമങ്ങൾ തെറ്റിക്കാൻ സർവ്വ സൗകര്യങ്ങളും ചെയ്തു കൊടുക്കാൻ പാർട്ടി ഭേദമന്യേ മത്സരിക്കുന്ന രാഷ്ട്രീയ സമൂഹം.നിയമങ്ങൾ പാലിക്കാതെ വിശുദ്ധിയുടെയും വിശ്വസ്ഥതയുടെയും പേരുകൾ നൽകി പണിതുയർത്തിയ ബഹുനില കൊട്ടാരങ്ങൾ നിമിഷങ്ങൾ കൊണ്ട് ഇടിഞ്ഞു വീണില്ലാതാകുന്ന അപൂർവ്വ കാഴ്ചയ്ക്ക് ദൈവത്തിന്റെ സ്വന്തം നാട് സാക്ഷ്യം വഹിച്ചിരിക്കുന്നു.ഭൂമി ഉണ്ടെങ്കിൽ മാത്രമേ ഇവിടെ ജീവനുകളും ഫ്ലാറ്റുകളും ബാക്കിയുണ്ടാവുകയുള്ളൂ എന്ന് പ്രകൃതി തന്ന മുന്നറിയിപ്പ് രണ്ടു പ്രളയ ദുരന്തങ്ങൾക്ക് ശേഷവും തിരിച്ചറിയാത്ത ഒരു സമൂഹം. തിരുത്തി ബോധവൽക്കരിക്കാൻ മുന്നിട്ടിറങ്ങുന്നതിനു പകരം  സ്വാർത്ഥ താൽപര്യങ്ങൾക്കും താൽക്കാലിക വോട്ട് ബാങ്കിനും വേണ്ടി സത്യത്തിനു നേരെ മുഖം തിരിക്കുന്നൊരു രാഷ്ട്രീയ സമൂഹം.                                                                                                                       ചെറിയൊരു  വീട് വയ്ക്കുന്ന  സാധാരണക്കാരനെ നിരവധി തവണ  പഞ്ചായത്തുകൾ കയറി ഇറക്കാൻ  നിയമം ഉള്ളൊരു രാജ്യത്തു പച്ചയായ തീരദേശ നിയമം ലംഘിച്ചു കൊണ്ട് ബിൽഡിംഗ്‌ ഗ്രൂപ്പുകൾക്ക് ഇത്ര വലിയ ഫ്ലാറ്റുകൾ മരട്  പോലൊരു സ്ഥലത്ത് എങ്ങനെ പണിതുയർത്താനായി എന്ന ചോദ്യത്തിനു  മാത്രം ഒരു രാഷ്ട്രീയ പാർട്ടി നേതാവിനും ഉത്തരമില്ല. തിരിച്ചറിയാൻ പ്രകൃതി നൽകുന്ന അടയാളങ്ങളിൽ നിന്നും പഠിക്കാതെ ആവർത്തിക്കുന്ന തെറ്റുകളുമായി മുന്നോട്ട് പോവുന്ന ഒരു സമൂഹം.കായൽ കയ്യേറ്റങ്ങൾക്ക് ഒത്താശ നൽകാൻ മത്സരിക്കുന്ന മാറി മാറി വരുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ഇതിൽ നിന്നും ഒഴിഞ്ഞു മാറാനാവില്ല. ഇത്രെയേറെ ദ്രോഹങ്ങൾ പൊതു ജനങ്ങളോട് ചെയ്തിട്ടും ഇതിനൊക്കെ ഉളള നഷ്ട പരിഹാരങ്ങൾ  പൊതുജനങ്ങളുടെ  നികുതി പണം ഉപയോഗിച്ച് നൽകാൻ മത്സരിക്കുന്ന ജനപക്ഷ സർക്കാർ ഇവിടുള്ളപ്പോൾ ഇനിയും ഇതിവിടെ ആവർത്തിക്കില്ല എന്ന് പറയാനുമാവില്ല.                                                                                                                                                           വികസന മാറാപ്പുകളുടെ അമിത ഭാരം താങ്ങാനാവാതെ വരുമ്പോൾ ഭൂമി പ്രതികരിക്കുമെന്നും ആ പ്രതികരണത്തിൽ കെട്ടിപ്പൊക്കിയ കൊട്ടാരങ്ങൾ എരിഞ്ഞില്ലാതാവുമെന്നും എല്ലാം കൈപ്പിടിയിൽ എന്നും ഭദ്രമെന്നും  വിശ്വസിക്കുന്ന ഇന്നിന്റെ  സാമൂഹിക ജീവികൾ തിരിച്ചറിയാതെ പോവുന്നു. അവരുടെ മനസ്സിൽ ഇന്നലെകളും നാളെകളുമില്ല.കയ്യേറ്റങ്ങളിലും ആധിപത്യങ്ങളിലും അഭിരമിക്കുന്ന  ഇന്നുകൾ മാത്രമേ ഉള്ളൂ.  തിരിഞ്ഞോടാനാവാത്ത നേരത്തുണ്ടാവുന്ന തരിച്ചറിവുകളിൽ ജീവിതം തിരിച്ചെടുക്കാൻ ഉള്ള സമയം തിരിച്ചു തരില്ല കാലമെന്ന സത്യം സ്വാർത്ഥത കൊണ്ട് തിമിരം ബാധിച്ച  സമൂഹം എന്നെങ്കിലും തിരിച്ചറിയുമോ.                                                         രജിൽ കെ പി   

No comments:

Post a Comment