Monday, May 18, 2020

ബാല്യകാലത്തിന്റെ ഓർമ്മകൾ

കീറതുണിയുമായി ആറ്റിൽ നിന്നും മീനിനെ പിടിച്ചു കൊണ്ടു വന്ന് കുപ്പിയിലും കിണറ്റിലും ഇടുന്ന ബാല്യ കാലത്തെ കുസൃതികൾ.സ്കൂൾ തുറന്ന ദിവസം  വൈകുന്നേരം വീട്ടിലെത്തി അമ്മയുടെ ഉറവ വറ്റാത്ത സ്നേഹത്തിൽ പൊതിഞ്ഞ കൈകൾ കൊണ്ടുണ്ടാക്കിയ പായസം ആർത്തിയോടെ നുകരുന്ന ബാല്യകാലം.ഒരു കൂട്ടം കല്ലുകൾ എറിഞ്ഞു വീഴ്‌ത്തിയാൽ കിട്ടുന്ന ഒന്നോ രണ്ടോ മാങ്ങകളുടെ പിറകെ മത്സരിച്ചോടിയെത്തി പിടിച്ചെടുത്തു മാങ്ങ കടിച്ചു തിന്നുന്ന ഓർമ്മകൾ. അലുമിനിയത്തിന്റെ പെട്ടിയിൽ സ്ലേറ്റും പുസ്തകങ്ങളും അടുക്കി വച്ചു കൊണ്ട് ഗമയിൽ വിദ്യാലയത്തിലേക്ക് പോവുന്ന ബാല്യകാലം.വിദ്യാലയത്തിൽ വച്ചു സുഹൃത്തുക്കളോട് വീട്ടിൽ  ഇല്ലാത്ത ആനയെ കുറിച്ച് വർണ്ണിക്കുകയും ആനയുടെ വാലിൽ പിടിച്ചെന്നും ആനയുടെ കീഴിലൂടെ നൂഴ്ന്നിറങ്ങിയെന്നും നിർത്താതെ കള്ളത്തരങ്ങൾ തട്ടി വിടുന്ന  കുട്ടിക്കാലം.ആരാവണം എന്നുള്ള ചോദ്യങ്ങൾക്ക് ഒരു ദിവസം വിമാനം പറത്തുന്നയാളും മറ്റൊരു ദിവസം പട്ടാളക്കാരനായും വേറൊരു സമയത്ത് ഡോക്ടറായും നിമിഷങ്ങൾ കൊണ്ട് ആഗ്രഹങ്ങൾ മാറി മറയുന്ന ബാല്യകാലം.സച്ചിന്റെ ബൗണ്ടറികൾക്കും സിക്സെറുകൾക്കും ആർത്തു വിളിച്ചിരുന്ന ലാലേട്ടന്റെ സിനിമകൾക്കും സുരേഷ് ഗോപിയുടെ മാസ്സ് പോലീസ് സിനിമ ഡയലോഗുകൾക്ക് ടാക്കീസിലെ തിങ്ങി നിറഞ്ഞ സീറ്റുകളിലിരുന്ന് ആർത്തു വിളിക്കുകയും കണ്ട സിനിമ ശബ്ദരേഖയായി റേഡിയോയിൽ വരുമ്പോൾ ചെവിയോരം വച്ചു കേൾക്കുകയും കേബിളുകൾ ഇല്ലാത്ത കാലത്തിൽ അച്ഛമ്മയോടൊപ്പം ഞായറാഴ്ച രാവിലെ പോയി ദൂരദർശനലെ  രാമായണം മനസ്സിലാവാത്ത ഹിന്ദി ഭാഷയിൽ കാണുകയും ചെയ്യുന്ന സൗന്ദര്യം തുളുമ്പി നിൽക്കുന്ന നഷ്ടപ്പെട്ടു പോയ മനസ്സിന്റെ ഓർമ്മക്കൂടിൽ ചിതലരിക്കാതെ അവശേഷിക്കുന്ന ബാല്യകാല ഓർമ്മകൾ.      ഇല്ലായ്മകളും വല്ലായ്മകളും മുഴച്ചു നിന്നിരുന്നുവെങ്കിലും എന്ത് സൗന്ദര്യം ആയിരുന്നു ആ കാലത്തിന്.കാലചക്രത്തെ പിന്നിലേക്ക് തിരിച്ചു കൊണ്ട് നന്മകൾ തുളുമ്പി നിൽക്കുന്ന പഴയ കാലത്തിലേക്ക് തിരിച്ചു കൊണ്ട് പോവാൻ സാധിച്ചിരുന്നുവെങ്കിലെന്ന്  മനസ്സിനെ മോഹിപ്പിക്കുന്ന ബാല്യകാല ഓർമ്മച്ചിത്രങ്ങൾ.തൊടിയിലെ തൈമാവിൻ ചോട്ടിൽ കളിച്ചു വളർന്ന  ബാല്യ കാലത്തിന്റെ ഓർമ്മകളെക്കാളും  മാധുര്യമുള്ള മറ്റെന്തുണ്ട് ജീവിതത്തിൽ.       രജിൽ കെ പി. 

7 comments:

  1. മധുരമുള്ള ഓർമ്മകൾ ❤️

    ReplyDelete
  2. ബാല്യകാല സ്മരണകൾ

    ReplyDelete
  3. നെൽപ്പാടങ്ങളും, തോടും പുഴകളും, ഫലങ്ങൾ തിങ്ങി നിറഞ്ഞ വൃക്ഷ സമൃദ്ധമായ പറമ്പുകളും ഇല്ലാതായേയാ!
    നല്ല ബാല്യകാല സ്മരണകൾ
    ആശംസകൾ

    ReplyDelete
    Replies

    1. ഇല്ലാതായല്ലോ! എന്നതാണ് ശരി.

      Delete
  4. ഓർമകളാണ് മനുഷ്യനെ ബന്ധമുള്ളതാക്കുന്നത്...

    ReplyDelete
  5. സ്മരണകൾ ഏറെ ഹൃദ്യം ..

    ReplyDelete
  6. ഓർമ്മകൾ ഓടിക്കളിക്കുന്ന മനസ്സിന്റെ മുറ്റം... മനോഹരം

    ReplyDelete