Saturday, July 4, 2020
വായനയുടെ അനുഭവങ്ങൾ
എഴുത്തും വായനയും വല്ലാത്തൊരു ലഹരിയാണെന്നും.സർഗാത്മകതയുടെയും ഭാവനയുടെയും പുതിയ മേച്ചിൽപുറങ്ങൾ തേടിയുള്ള അവസാനിക്കാത്ത യാത്രയാവുന്നു ഓരോ വായനയും.ആട് ജീവിതം ആദ്യമായ് വായിച്ച ഒരു ചുട്ടു പൊള്ളുന്ന വേനൽക്കാലത്ത് ഒരു തുള്ളി വെള്ളം കുടിക്കാതെ നജീബ് മരുഭൂമിയിൽ അനുഭവിച്ച ദാഹത്തെ നേരിട്ട് അനുഭവിക്കാൻ നടത്തിയ ഭ്രാന്തൻ ശ്രമത്തിൽ തുടങ്ങുന്നു വായനയോടുള്ള അടങ്ങാത്ത അഭിനിവേശം.സർഗാത്മകത മനുഷ്യനെ ഭ്രാന്തനാക്കുന്നത് നേരിട്ടനുഭവിച്ച നിമിഷങ്ങൾ.തിരുവനന്തപുരത്തു വച്ചു നടന്ന മാതൃഭൂമി സാഹിത്യോത്സവ വേദിയിൽ വച്ച് ആടുജീവിതത്തെ സൃഷ്ടിച്ച ബെന്യമനുമായി ഈ കാര്യം നേരിട്ട് സംവദിച്ചപ്പോൾ നജീബിനെ അറിയാൻ മരുഭൂമിയിലെ മണലാരണ്യങ്ങളിൽ നടന്നിട്ടുണ്ടെന്ന് ബെന്യാമിൻ പറഞ്ഞപ്പോൾ ഓരോ എഴുത്തുകാരനും തന്റെ കഥാപാത്രങ്ങളെ സൃഷ്ടിക്കാനനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ എത്രത്തോളമുണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷമായതു മാറി. എഴുത്തുകാരന്റെ അനുഭവങ്ങളിൽ നിന്നും പിറന്നുവീഴുന്ന സൃഷ്ടികളാണ് എന്നും വായനക്കാരുടെ മനസ്സിൽ കാലത്തെ അതിജീവിച്ചുകൊണ്ട് മഹത്തായ സൃഷ്ടികളായി നിലകൊള്ളുന്നത്. എഴുത്തുകാരന്റെ അനുഭവങ്ങളുടെ തീക്ഷ്ണതയിൽ ഭാവനയുടെ പുതിയ ചിറകുകൾ വിരിയുന്നത് ദാരിദ്ര്യവും ധൂർത്തും ഒറ്റ കാൻവാസിൽ തീർത്ത സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി എന്ന കഥയിലായാലും ഖസാക്കിൽ തുടങ്ങി ഖസാക്കിൽ അവസാനിക്കുന്ന രവിയുടെ ജീവിതത്തിന്റെ കഥ പറയുന്ന ഒ വി വിജയന്റെ മഹത്തായ നോവലായ ഖസാക്കിന്റെ ഇതിഹാസത്തിലായാലും കാണാവുന്നതാണ്. അനന്തമായ പ്രാർത്ഥനയുമായി ജീവിതത്തെ കണ്ട വൈക്കം മുഹമ്മദ് ബഷീർ എന്ന എടുത്തുകാരന്റെ പച്ചയായ രചനകൾ ഏതു വായന പ്രേമിയെയാണ് ഉന്മാദാവസ്ഥയിൽ എത്തിക്കാത്തത്.അനുഭവങ്ങളുടെ തീച്ചൂളയിൽ വിരിയുന്ന കഥാപാത്രങ്ങളിലൂടെ ഭാവനയുടെ പുതിയ ലോകത്തിലേക്ക് കൈപിടിച്ചു കൊണ്ടുപോവുന്ന മഹത്തായ സൃഷ്ടികൾ ഓരോ വായന പ്രേമിയുടെ സിരകളിലും പുത്തൻ ലഹരി പകർന്നു കൊണ്ടേയിരിക്കുന്നു. രജിൽ കെ പി.
ബഷീർ കൃതികളുടെ ഓർമ്മകൾ
മലയാള സാഹിത്യത്തിലെ വർണ്ണ വ്യവസ്ഥകളെ തിരുത്തിക്കുറിച്ച വൈക്കം മുഹമ്മദ്ബഷീർ എന്ന മഹാനായ എഴുത്തുകാരൻ നമ്മെ വിട്ടു പിരിഞ്ഞിട്ട് 27 വർങ്ങൾ പിന്നിട്ടിരിക്കുന്നു .വ്യത്യസ്തതയായിരുന്നു ബഷീറിന്റെ കൃതികളുടെ മുഖമുദ്ര.ജീവിതം യവ്വനതീക്ഷണവും ഹൃദയം പ്രേമസുരഭിലവുമാകുന്ന ഈ അസുലഭ കാലഘട്ടത്തെ എന്റെ പ്രിയ സുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു എന്ന് കേശവൻനായർ സാറാമ്മയോട് ചോദിക്കുന്ന കത്തിലൂടെ ആരംഭിക്കുന്ന പ്രേമലേഖനം എന്ന കഥ. പ്രണയം എന്നത് ദീനവും അനാഥവും പലപ്പോളുമത് ആവിയായിപ്പോവുന്ന ഒരു കണ്ണീർ തുള്ളിയായി മാത്രം ഒതുങ്ങി പോവുന്നെന്നും മനസ്സിലാക്കിത്തരുന്ന മജീദിന്റെയും സുഹ്റയുടെയും പ്രണയ കഥ പറയുന്ന ബാല്യകാലസഖി.എല്ലാ പ്രേമ കഥകളെയും പോലെ ലളിതമാണെങ്കിലും വില്ലൻമാരില്ലാത്ത ദാരിദ്ര്യം വില്ലനായി വരുന്ന കഥയാണ് ബാല്യകാല സഖി. 'ദാരിദ്ര്യം ഒരു വ്യാധിയാണ്.അത് ശരീരത്തെയും ഹൃദയത്തെയും ആത്മാവിനെയും നശിപ്പിച്ചു കളയുന്നു' എന്ന് ഈ പുസ്തകത്തിൽ ഒരിടത്ത് പറഞ്ഞു വയ്ക്കുന്നു ബഷീർ.മുസ്ലിം സമുദായങ്ങളിൽ നില നിന്നിരുന്ന പല അനാചാരങ്ങളെയും തുറന്നു കാട്ടുന്നു 'ന്റപ്പൂ പ്പാക്കൊരാനെണ്ടാർന്നു' എന്ന കഥയിൽ. ഈ കഥ വായിച്ച ഏതൊരാളെയും ആഴത്തിൽ സ്പർശിച്ച ഇതിലെ ഒരു വാചകമാണ് 'വെളിച്ചത്തിന് എന്തൊരു വെളിച്ചം'എന്നത്. ഇതിലെ കഥാപാത്രം ആയ കുഞ്ഞുപാത്തുമ്മ തന്നെ ആർക്കോ കല്യാണം കഴിച്ചു കിടക്കുകയാണെന്ന ആധിയിൽ ജനാലകളും വാതിലുകളും അടച്ച ഒരു മുറിയിൽ കിടക്കുന്ന അവസരത്തിൽ അവൾ ഇഷ്ടപ്പെട്ടിരുന്ന നിസാർ അഹമ്മദിന്റെ ബാപ്പ ജനാലകളും വാതിലുകളും തുറന്ന് വെളിച്ചം അകത്തേക്ക് പ്രവേശിച്ച അവസരത്തിൽ അവളോട് പറയുന്ന വാചകമാണിത്. ജീവിതത്തിലെ ഒരു പാട് വേദനകൾ അനുഭവിച്ചു നിൽക്കുന്ന സമയത്ത് ബഷീർ എഴുതിയ നോവൽ രൂപത്തിലുള്ള ആത്മകഥയാണ് 'പത്തുമ്മയുടെ ആട്'.ഭാവനയും കൂട്ടിച്ചേർക്കലുകളും ഇല്ലാതെ അവതരിപ്പിച്ച 'അനുരാഗത്തിന്റെ ദിനങ്ങൾ' എന്ന കൃതി യാഥാർഥ്യത്തിന്റെ അഗാധമായ മറ്റൊരു തലമാണ് ഭാവന എന്ന് വായനക്കാരെ ബോധ്യപ്പെടുത്തുന്നു. ജീവിതത്തിലെ ദുഃഖങ്ങളേയും ദുരന്തമേറിയ അനുഭവങ്ങളെയും ഇത് പോലെ സരസമായ വായനക്കാരെ പിടിച്ചിരുത്തുന്ന ഭാഷയിൽ തന്റെ സൃഷ്ടികളിൽ അവതരിപ്പിച്ച എഴുത്തുകാരൻ മലയാളത്തിൽ അധികമാരുമുണ്ടാവില്ല.ഒരു പാട് നാടുകളിൽ സഞ്ചരിച്ചു കിട്ടിയ അനുഭവങ്ങൾ ആയിരിക്കാം അദ്ദേഹത്തിന്റെ ഇത്ര മനോഹരമായ ഒരു പാട് കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കി മാറ്റിയത്.ബഷീറിന് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിലിറ്റ് ബിരുദം സമ്മാനിക്കുന്ന അവസരത്തിൽ അന്നത്തെ വൈസ് ചാൻസലർ പറഞ്ഞിരുന്ന ഒരു വാചകം 'ബഷീറിനെ പോലൊരു എഴുത്തുകാരൻ ബഷീറിനു മുമ്പോ പിമ്പോ നമ്മുടെ ഭാഷയിൽ ഉണ്ടായിട്ടില്ല ' എന്നതായിരുന്നു.മനസ്സിൽ ഒരിക്കലും മായാതെ എന്നെന്നും നില നിൽക്കുന്ന ഒരു പാട് കഥാപാത്രങ്ങളെ സൃഷ്ടിച്ച വൈക്കം മുഹമ്മദ് ബഷീർ എന്ന മഹാനായ എഴുത്തുകാരനെ മലയാളഭാഷ നില നിൽക്കുന്ന കാലത്തോളം മലയാള സാഹിത്യത്തെ ഇഷ്ടപ്പെടുന്നവർക്ക് മറക്കാനാവില്ല. എന്നെന്നും വായനക്കാരുടെ മനസ്സിൽ ജീവിക്കുന്ന മഹാനായ എഴുത്തുകാരന്റെ മരിക്കാത്ത ഓർമ്മകൾക്ക് മുന്നിൽ ശിരസ്സ് നമിക്കുന്നു.......... രജിൽ കെ പി
Thursday, July 2, 2020
വിജയവും തോൽവിയും
തോൽവിയും ജയവും നോക്കി വിദ്യാഭ്യാസത്തിന്റെ നിലവാരം അളക്കുന്ന പുതിയ ലോകത്തിൽ ഒരു തോൽവി ഒരാളെ കൊണ്ടെത്തിക്കുന്നത് എവിടെ ആയിരിക്കുമെന്ന് പ്രവചിക്കുക അസാധ്യമാണ്.എങ്കിലും വിജയ ശതമാനം കൂടി പോയെന്ന ഒറ്റ കാരണത്താൽ വളർത്തി വലുതാക്കിയ വിദ്യാഭ്യാസ സമ്പ്രദായത്തെ പുച്ഛിച്ചു തള്ളുന്ന നവ സാമൂഹിക ജീവികളുടെ ചിന്താഗതിക്കു മുന്നിൽ അത് പോലുള്ള തോൽവികൾ ഒന്നുമല്ലാതായി മാറുന്നു. വളർത്തി വലുതാക്കിയ ഇന്നലെകളെ മറന്നു കൊണ്ട് ഇന്നിന്റെ പിറകെ മാത്രം പോവുന്നവർ വിജയങ്ങൾ കൂടുന്നത് നിലവാരം ഇല്ലായ്മയായും തോൽവികളെ ആഘോഷമാക്കുകയും ചെയ്യുന്ന പുതിയ വിദ്യാഭ്യാസ സമ്പ്രദായത്തിൽ തോൽവികൾ അനുഭവിക്കുന്നതു തീവ്രമായ വേദന തന്നെയാവുന്നു.അനേകം തോൽവികളിലൂടെ വിജയത്തിൽ എത്തിയ മഹാൻമാരുടെ ഓർമ്മകൾ ചിതലരിച്ചു പോയിരിക്കുന്നു.ഓരോ തോൽവിയും വിജയത്തിന്റെ ചവിട്ട് പടിയാണെന്ന കേട്ടു മറന്ന വാചകം എവിടെയോ മാഞ്ഞു പോയിരിക്കുന്നു. അഭിനന്ദനങ്ങളും ആഘോഷങ്ങളും വിജയിക്കുന്നവരുടെ ചുറ്റുവട്ടങ്ങളിൽ മാത്രം ഒതുങ്ങി പോവുന്ന ഒന്നായി മാറുമ്പോൾ തോൽവിയുടെ വേദന അനുഭവിക്കുന്ന കുത്തുവക്കുകളാലും പരിഹാസങ്ങളാലും എരിഞ്ഞു തീരാൻ വിധിക്കപ്പെടുന്ന ജീവിതങ്ങൾക്ക് ആശ്രയത്തിന്റെ തുരുത്ത് കയ്യെത്തിപ്പിടിക്കാനാവത്ത അകാലത്തിലായി മാറുന്നു. വിജയിക്കുന്നവരുടേതും തോൽക്കുന്നവരുടേതുമാണ് ലോകം എന്ന തത്വം വിസ്മൃതിയുടെ കോണിലെവിടെയോ മറഞ്ഞു പോയിരിക്കുന്നു......... രജിൽ കെ പി
Subscribe to:
Posts (Atom)