മലയാള സാഹിത്യത്തിലെ വർണ്ണ വ്യവസ്ഥകളെ തിരുത്തിക്കുറിച്ച വൈക്കം മുഹമ്മദ്‌ബഷീർ എന്ന മഹാനായ എഴുത്തുകാരൻ നമ്മെ വിട്ടു പിരിഞ്ഞിട്ട് 27 വർങ്ങൾ പിന്നിട്ടിരിക്കുന്നു .വ്യത്യസ്തതയായിരുന്നു ബഷീറിന്റെ കൃതികളുടെ മുഖമുദ്ര.ജീവിതം യവ്വനതീക്ഷണവും ഹൃദയം പ്രേമസുരഭിലവുമാകുന്ന ഈ അസുലഭ കാലഘട്ടത്തെ എന്റെ പ്രിയ സുഹൃത്ത് എങ്ങനെ വിനിയോഗിക്കുന്നു എന്ന് കേശവൻനായർ സാറാമ്മയോട് ചോദിക്കുന്ന കത്തിലൂടെ ആരംഭിക്കുന്ന പ്രേമലേഖനം എന്ന കഥ. പ്രണയം എന്നത് ദീനവും അനാഥവും പലപ്പോളുമത് ആവിയായിപ്പോവുന്ന ഒരു കണ്ണീർ തുള്ളിയായി മാത്രം ഒതുങ്ങി പോവുന്നെന്നും മനസ്സിലാക്കിത്തരുന്ന മജീദിന്റെയും സുഹ്‌റയുടെയും പ്രണയ കഥ പറയുന്ന ബാല്യകാലസഖി.എല്ലാ പ്രേമ കഥകളെയും പോലെ ലളിതമാണെങ്കിലും വില്ലൻമാരില്ലാത്ത ദാരിദ്ര്യം വില്ലനായി വരുന്ന കഥയാണ് ബാല്യകാല സഖി. 'ദാരിദ്ര്യം ഒരു വ്യാധിയാണ്.അത് ശരീരത്തെയും ഹൃദയത്തെയും ആത്മാവിനെയും നശിപ്പിച്ചു കളയുന്നു' എന്ന് ഈ പുസ്തകത്തിൽ ഒരിടത്ത് പറഞ്ഞു വയ്ക്കുന്നു ബഷീർ.മുസ്ലിം സമുദായങ്ങളിൽ നില നിന്നിരുന്ന പല അനാചാരങ്ങളെയും തുറന്നു കാട്ടുന്നു 'ന്റപ്പൂ പ്പാക്കൊരാനെണ്ടാർന്നു' എന്ന കഥയിൽ. ഈ കഥ വായിച്ച ഏതൊരാളെയും ആഴത്തിൽ സ്പർശിച്ച ഇതിലെ ഒരു വാചകമാണ് 'വെളിച്ചത്തിന് എന്തൊരു വെളിച്ചം'എന്നത്. ഇതിലെ കഥാപാത്രം ആയ കുഞ്ഞുപാത്തുമ്മ തന്നെ ആർക്കോ കല്യാണം കഴിച്ചു കിടക്കുകയാണെന്ന ആധിയിൽ ജനാലകളും വാതിലുകളും അടച്ച ഒരു മുറിയിൽ കിടക്കുന്ന അവസരത്തിൽ അവൾ ഇഷ്ടപ്പെട്ടിരുന്ന നിസാർ അഹമ്മദിന്റെ ബാപ്പ ജനാലകളും വാതിലുകളും തുറന്ന് വെളിച്ചം അകത്തേക്ക് പ്രവേശിച്ച അവസരത്തിൽ അവളോട് പറയുന്ന വാചകമാണിത്. ജീവിതത്തിലെ ഒരു പാട് വേദനകൾ അനുഭവിച്ചു നിൽക്കുന്ന സമയത്ത് ബഷീർ എഴുതിയ നോവൽ രൂപത്തിലുള്ള ആത്മകഥയാണ് 'പത്തുമ്മയുടെ ആട്'.ഭാവനയും കൂട്ടിച്ചേർക്കലുകളും ഇല്ലാതെ അവതരിപ്പിച്ച 'അനുരാഗത്തിന്റെ ദിനങ്ങൾ' എന്ന കൃതി യാഥാർഥ്യത്തിന്റെ അഗാധമായ മറ്റൊരു തലമാണ് ഭാവന എന്ന് വായനക്കാരെ ബോധ്യപ്പെടുത്തുന്നു. ജീവിതത്തിലെ ദുഃഖങ്ങളേയും ദുരന്തമേറിയ അനുഭവങ്ങളെയും ഇത് പോലെ സരസമായ വായനക്കാരെ പിടിച്ചിരുത്തുന്ന ഭാഷയിൽ തന്റെ സൃഷ്ടികളിൽ അവതരിപ്പിച്ച എഴുത്തുകാരൻ മലയാളത്തിൽ അധികമാരുമുണ്ടാവില്ല.ഒരു പാട് നാടുകളിൽ സഞ്ചരിച്ചു കിട്ടിയ അനുഭവങ്ങൾ ആയിരിക്കാം അദ്ദേഹത്തിന്റെ ഇത്ര മനോഹരമായ ഒരു പാട് കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കി മാറ്റിയത്.ബഷീറിന് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിലിറ്റ് ബിരുദം സമ്മാനിക്കുന്ന അവസരത്തിൽ അന്നത്തെ വൈസ് ചാൻസലർ പറഞ്ഞിരുന്ന ഒരു വാചകം 'ബഷീറിനെ പോലൊരു എഴുത്തുകാരൻ ബഷീറിനു മുമ്പോ പിമ്പോ നമ്മുടെ ഭാഷയിൽ ഉണ്ടായിട്ടില്ല ' എന്നതായിരുന്നു.മനസ്സിൽ ഒരിക്കലും മായാതെ എന്നെന്നും നില നിൽക്കുന്ന ഒരു പാട് കഥാപാത്രങ്ങളെ സൃഷ്ടിച്ച വൈക്കം മുഹമ്മദ് ബഷീർ എന്ന മഹാനായ എഴുത്തുകാരനെ മലയാളഭാഷ നില നിൽക്കുന്ന കാലത്തോളം മലയാള സാഹിത്യത്തെ ഇഷ്ടപ്പെടുന്നവർക്ക് മറക്കാനാവില്ല. എന്നെന്നും വായനക്കാരുടെ മനസ്സിൽ ജീവിക്കുന്ന മഹാനായ എഴുത്തുകാരന്റെ മരിക്കാത്ത ഓർമ്മകൾക്ക് മുന്നിൽ ശിരസ്സ് നമിക്കുന്നു.......... രജിൽ കെ പി
No comments:
Post a Comment