Saturday, July 4, 2020
വായനയുടെ അനുഭവങ്ങൾ
എഴുത്തും വായനയും വല്ലാത്തൊരു ലഹരിയാണെന്നും.സർഗാത്മകതയുടെയും ഭാവനയുടെയും പുതിയ മേച്ചിൽപുറങ്ങൾ തേടിയുള്ള അവസാനിക്കാത്ത യാത്രയാവുന്നു ഓരോ വായനയും.ആട് ജീവിതം ആദ്യമായ് വായിച്ച ഒരു ചുട്ടു പൊള്ളുന്ന വേനൽക്കാലത്ത് ഒരു തുള്ളി വെള്ളം കുടിക്കാതെ നജീബ് മരുഭൂമിയിൽ അനുഭവിച്ച ദാഹത്തെ നേരിട്ട് അനുഭവിക്കാൻ നടത്തിയ ഭ്രാന്തൻ ശ്രമത്തിൽ തുടങ്ങുന്നു വായനയോടുള്ള അടങ്ങാത്ത അഭിനിവേശം.സർഗാത്മകത മനുഷ്യനെ ഭ്രാന്തനാക്കുന്നത് നേരിട്ടനുഭവിച്ച നിമിഷങ്ങൾ.തിരുവനന്തപുരത്തു വച്ചു നടന്ന മാതൃഭൂമി സാഹിത്യോത്സവ വേദിയിൽ വച്ച് ആടുജീവിതത്തെ സൃഷ്ടിച്ച ബെന്യമനുമായി ഈ കാര്യം നേരിട്ട് സംവദിച്ചപ്പോൾ നജീബിനെ അറിയാൻ മരുഭൂമിയിലെ മണലാരണ്യങ്ങളിൽ നടന്നിട്ടുണ്ടെന്ന് ബെന്യാമിൻ പറഞ്ഞപ്പോൾ ഓരോ എഴുത്തുകാരനും തന്റെ കഥാപാത്രങ്ങളെ സൃഷ്ടിക്കാനനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ എത്രത്തോളമുണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷമായതു മാറി. എഴുത്തുകാരന്റെ അനുഭവങ്ങളിൽ നിന്നും പിറന്നുവീഴുന്ന സൃഷ്ടികളാണ് എന്നും വായനക്കാരുടെ മനസ്സിൽ കാലത്തെ അതിജീവിച്ചുകൊണ്ട് മഹത്തായ സൃഷ്ടികളായി നിലകൊള്ളുന്നത്. എഴുത്തുകാരന്റെ അനുഭവങ്ങളുടെ തീക്ഷ്ണതയിൽ ഭാവനയുടെ പുതിയ ചിറകുകൾ വിരിയുന്നത് ദാരിദ്ര്യവും ധൂർത്തും ഒറ്റ കാൻവാസിൽ തീർത്ത സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി എന്ന കഥയിലായാലും ഖസാക്കിൽ തുടങ്ങി ഖസാക്കിൽ അവസാനിക്കുന്ന രവിയുടെ ജീവിതത്തിന്റെ കഥ പറയുന്ന ഒ വി വിജയന്റെ മഹത്തായ നോവലായ ഖസാക്കിന്റെ ഇതിഹാസത്തിലായാലും കാണാവുന്നതാണ്. അനന്തമായ പ്രാർത്ഥനയുമായി ജീവിതത്തെ കണ്ട വൈക്കം മുഹമ്മദ് ബഷീർ എന്ന എടുത്തുകാരന്റെ പച്ചയായ രചനകൾ ഏതു വായന പ്രേമിയെയാണ് ഉന്മാദാവസ്ഥയിൽ എത്തിക്കാത്തത്.അനുഭവങ്ങളുടെ തീച്ചൂളയിൽ വിരിയുന്ന കഥാപാത്രങ്ങളിലൂടെ ഭാവനയുടെ പുതിയ ലോകത്തിലേക്ക് കൈപിടിച്ചു കൊണ്ടുപോവുന്ന മഹത്തായ സൃഷ്ടികൾ ഓരോ വായന പ്രേമിയുടെ സിരകളിലും പുത്തൻ ലഹരി പകർന്നു കൊണ്ടേയിരിക്കുന്നു. രജിൽ കെ പി.
Subscribe to:
Post Comments (Atom)
❤️❤️❤️
ReplyDeleteവായന നമ്മെ വളർത്തുന്നു....... നന്നായി എഴുതി.. 👍👍👍 ആശംസകൾ
ReplyDelete