ഓരോ ഭാരതീയനും ഹൃദയത്തിൽ ചേർത്തു വയ്ക്കാൻ തോന്നുന്ന മനോഹരമായൊരു കാഴ്ച്ചയാണ് ഇന്നൊരു പത്രവാർത്തയിലെ ചിത്രത്തിൽ കണ്ടത് .ഒരു ഹിന്ദു പണ്ഡിറ്റും മുസ്ലിം സഹോദരനും ഇന്ത്യയിലെ പരമോന്നത നീതിന്യായ കോടതിയുടെ അയോധ്യ കേസിലെ വിധി വന്നതിനു ശേഷം നമ്മൾ ഒന്നാണെന്നു പറഞ്ഞ് പരസ്പരം ആലിംഗനം ചെയ്തു നിൽക്കുന്ന ചിത്രമായിരുന്നത്. പ്രപഞ്ചമുണ്ടായതിനു ശേഷം പ്രപഞ്ചസൃഷ്ട്ടാവ് മനുഷ്യൻമാരെ സൃഷ്ടിച്ചു.പിന്നീട് മനുഷ്യൻമാർ ജാതികളെയും മതങ്ങളെയും സൃഷ്ടിച്ചു. അതിനു ശേഷം ഈ ലോകം കാണുന്നത് മനുഷ്യന്മാർ സൃഷ്ടിച്ച മതങ്ങൾ മനുഷ്യൻമാരെ അടക്കി ഭരിക്കുന്ന കാഴ്ചയാണ്. തടഞ്ഞു നിർത്താനാവാത്ത മതങ്ങളുടെയും ജാതികളുടെയും മലവെള്ളപ്പാച്ചിലിൽ മനുഷ്യരിലെ മനുഷ്യത്തവും നന്മയും എങ്ങോട്ടെന്നറിയാതെ ഒലിച്ചു പോയിട്ട് കാലമേറെ പിന്നിട്ടു കഴിഞ്ഞിരിക്കുന്നു.ഇത് പോലെയുള്ള വിധികളിലൂടെയും കൂടിച്ചേരലുകളിലൂടെയും എന്നോ നഷ്ടപ്പെട്ടു പോയ നന്മയും മനുഷ്യത്തവും മനുഷ്യനിൽ തിരിച്ചെത്തുമെന്നും മതങ്ങൾ മനുഷ്യരെ ഭരിക്കുന്നതൊഴിവായി മതങ്ങളെ മനുഷ്യൻമാർ നിയന്ത്രിച്ചു നിർത്തുന്ന സുവർണ്ണകാലം തിരിച്ചെത്തുമെന്നും ഓരോ മനുഷ്യസ്നേഹിയും വിശ്വസിച്ചു പോവുകയാണ്.തിരുത്തലുകളിലൂടെയാണ് എന്നും മനുഷ്യജീവിതം മുന്നോട്ട് പോവുന്നത്.തിരിച്ചെടുക്കാനാവാത്ത നേരത്തുണ്ടാവുന്ന തിരിച്ചറിവുകൾക്ക് വിലയില്ലെന്ന സത്യം മനസ്സിലാക്കി തിരുത്താനാവാതെ പോയ ഇന്നലെകളുടെ ഓർമ്മകളെ വിസ്മൃതിയുടെ വിദൂരകോണിൽ ഉപേക്ഷിച്ചു കൊണ്ട് ജീവിക്കുന്ന ഇന്നുകളിൽ ആവശ്യമായ തിരുത്തലുകൾ വരുത്തിക്കൊണ്ട് മനുഷ്യൻ അവന്റെ പ്രയാണം തുടരുമെന്ന് വിശ്വസിക്കുകയാണ്.ഞാനും നീയുമെന്ന വേർതിരിവില്ലാത്ത മതങ്ങളുടെയും ജാതികളുടെയും വേലിക്കെട്ടുകളില്ലാത്ത വിശ്വാസങ്ങളെ അവനവന്റെ സ്വകാര്യതയായി മാത്രം കണ്ടു കൊണ്ട് പരസ്പര സ്നേഹവും വിശ്വസവുമുള്ള ഒരു കാലം തിരിച്ചെത്തുമെന്ന നാളെകളെ സ്വപ്നം കണ്ടു കൊണ്ടുള്ള ഇന്നിലെ മനുഷ്യന്റെ നിലയ്ക്കാത്ത പ്രയാണം തുടർന്നു കൊണ്ടേയിരിക്കുന്നു. രജിൽ കെ പി
GOOD
ReplyDeleteWish you good luck
ReplyDelete