Tuesday, November 5, 2019

കവിത

          ഉയിര്

അമ്മതൻ ബന്ധനനൂലിൽ
നിന്നൂർന്നിറങ്ങി
ധരണിതൻ
മടിയിലേക്കിറങ്ങുന്നനേരം
ആരംഭിക്കുന്നൊരുയിര്
ജീവകണികതൻ  ചെപ്പിനെ
താങ്ങിനിർത്തുമാമുയിര്
ഉയർന്നു പൊങ്ങുന്നൊരു
തിരമാല പോലുയരുന്ന
മൃത്യുപ്രവാഹത്തെ
ഉരുക്കുഭിത്തിയാൽ
പിടിച്ചു നിർത്തുന്നോരുയിര്
കാലപ്രവാഹത്തിൻ
നീരൊഴുക്കിൽ
തകർന്നു വീഴുന്ന
ഉയിർഭിത്തികൾ
അടർന്നു വീഴുന്ന   
മൺകൂമ്പാരങ്ങൾക്കിടയിൽ
ആരെന്നറിയാത്ത     
കൈയാൽ കിടത്തിയ         
ഉയിരറ്റ  ശരീരങ്ങൾ         
നിദ്രതൻ ഇടവഴിയിൽ
ഇരുളറകളിൽ
അലർച്ചകളായുയരുന്ന
അശരീരികൾ

ഒടുവിലാരോ
തിരികൊളുത്തിയ അഗ്നിയായ്
പൊതിയും നേരം
തിരിഞ്ഞോടാനിടനൽകാതെ
പടർന്നുയരുന്ന
അഗ്നിയാൽ
വെന്തു വെണ്ണീറാവുന്ന
ഉയിരറ്റ ദേഹങ്ങൾ

ചെറിയവനെ തിന്നുന്ന വലിയവർ
വലിയവനെ തിന്നുന്ന പ്രകൃതിയും
ഒടുവിലാ പ്രകൃതിതൻ കോപാഗ്നിയിൽ
എരിഞ്ഞടങ്ങുന്ന നേരമവൻ
തിരിച്ചറിയുന്നു
വേർതിരിവില്ലാത്ത
നീക്കിയിരിപ്പില്ലാത്ത   
അറ്റമില്ലാത്ത
പ്രകൃതിയുടെ വികൃതികൾ.

 രജിൽ കെ പി

No comments:

Post a Comment