Saturday, July 4, 2020

വായനയുടെ അനുഭവങ്ങൾ

 എഴുത്തും വായനയും വല്ലാത്തൊരു ലഹരിയാണെന്നും.സർഗാത്മകതയുടെയും  ഭാവനയുടെയും  പുതിയ മേച്ചിൽപുറങ്ങൾ തേടിയുള്ള അവസാനിക്കാത്ത യാത്രയാവുന്നു ഓരോ വായനയും.ആട് ജീവിതം ആദ്യമായ് വായിച്ച ഒരു ചുട്ടു പൊള്ളുന്ന വേനൽക്കാലത്ത്‌ ഒരു തുള്ളി വെള്ളം കുടിക്കാതെ നജീബ് മരുഭൂമിയിൽ അനുഭവിച്ച ദാഹത്തെ നേരിട്ട് അനുഭവിക്കാൻ നടത്തിയ ഭ്രാന്തൻ ശ്രമത്തിൽ തുടങ്ങുന്നു വായനയോടുള്ള അടങ്ങാത്ത അഭിനിവേശം.സർഗാത്മകത മനുഷ്യനെ ഭ്രാന്തനാക്കുന്നത് നേരിട്ടനുഭവിച്ച നിമിഷങ്ങൾ.തിരുവനന്തപുരത്തു വച്ചു നടന്ന  മാതൃഭൂമി സാഹിത്യോത്സവ വേദിയിൽ വച്ച് ആടുജീവിതത്തെ സൃഷ്ടിച്ച ബെന്യമനുമായി ഈ കാര്യം നേരിട്ട് സംവദിച്ചപ്പോൾ നജീബിനെ അറിയാൻ മരുഭൂമിയിലെ മണലാരണ്യങ്ങളിൽ നടന്നിട്ടുണ്ടെന്ന് ബെന്യാമിൻ പറഞ്ഞപ്പോൾ ഓരോ എഴുത്തുകാരനും തന്റെ കഥാപാത്രങ്ങളെ സൃഷ്ടിക്കാനനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ എത്രത്തോളമുണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷമായതു മാറി. എഴുത്തുകാരന്റെ  അനുഭവങ്ങളിൽ നിന്നും  പിറന്നുവീഴുന്ന സൃഷ്ടികളാണ് എന്നും  വായനക്കാരുടെ മനസ്സിൽ കാലത്തെ  അതിജീവിച്ചുകൊണ്ട് മഹത്തായ സൃഷ്ടികളായി നിലകൊള്ളുന്നത്. എഴുത്തുകാരന്റെ അനുഭവങ്ങളുടെ തീക്ഷ്ണതയിൽ ഭാവനയുടെ പുതിയ ചിറകുകൾ വിരിയുന്നത്  ദാരിദ്ര്യവും ധൂർത്തും ഒറ്റ കാൻവാസിൽ തീർത്ത സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി എന്ന കഥയിലായാലും ഖസാക്കിൽ തുടങ്ങി ഖസാക്കിൽ അവസാനിക്കുന്ന രവിയുടെ ജീവിതത്തിന്റെ കഥ പറയുന്ന ഒ വി വിജയന്റെ മഹത്തായ നോവലായ  ഖസാക്കിന്റെ ഇതിഹാസത്തിലായാലും   കാണാവുന്നതാണ്. അനന്തമായ പ്രാർത്ഥനയുമായി ജീവിതത്തെ കണ്ട വൈക്കം മുഹമ്മദ് ബഷീർ എന്ന എടുത്തുകാരന്റെ പച്ചയായ രചനകൾ ഏതു വായന പ്രേമിയെയാണ് ഉന്മാദാവസ്ഥയിൽ എത്തിക്കാത്തത്.അനുഭവങ്ങളുടെ തീച്ചൂളയിൽ വിരിയുന്ന കഥാപാത്രങ്ങളിലൂടെ ഭാവനയുടെ പുതിയ ലോകത്തിലേക്ക് കൈപിടിച്ചു കൊണ്ടുപോവുന്ന മഹത്തായ സൃഷ്ടികൾ ഓരോ വായന  പ്രേമിയുടെ സിരകളിലും പുത്തൻ ലഹരി പകർന്നു കൊണ്ടേയിരിക്കുന്നു.                                                                                                                                 രജിൽ കെ പി.    

ബഷീർ കൃതികളുടെ ഓർമ്മകൾ

                മലയാള സാഹിത്യത്തിലെ വർണ്ണ വ്യവസ്ഥകളെ തിരുത്തിക്കുറിച്ച വൈക്കം മുഹമ്മദ്‌ബഷീർ എന്ന മഹാനായ എഴുത്തുകാരൻ നമ്മെ വിട്ടു  പിരിഞ്ഞിട്ട് 27 വർങ്ങൾ പിന്നിട്ടിരിക്കുന്നു .വ്യത്യസ്തതയായിരുന്നു  ബഷീറിന്റെ കൃതികളുടെ മുഖമുദ്ര.ജീവിതം യവ്വനതീക്ഷണവും ഹൃദയം പ്രേമസുരഭിലവുമാകുന്ന  ഈ അസുലഭ കാലഘട്ടത്തെ എന്റെ പ്രിയ സുഹൃത്ത്‌ എങ്ങനെ വിനിയോഗിക്കുന്നു എന്ന് കേശവൻനായർ സാറാമ്മയോട് ചോദിക്കുന്ന കത്തിലൂടെ ആരംഭിക്കുന്ന പ്രേമലേഖനം എന്ന കഥ. പ്രണയം എന്നത് ദീനവും അനാഥവും പലപ്പോളുമത് ആവിയായിപ്പോവുന്ന ഒരു കണ്ണീർ തുള്ളിയായി മാത്രം ഒതുങ്ങി പോവുന്നെന്നും മനസ്സിലാക്കിത്തരുന്ന മജീദിന്റെയും സുഹ്‌റയുടെയും പ്രണയ കഥ പറയുന്ന ബാല്യകാലസഖി.എല്ലാ പ്രേമ കഥകളെയും പോലെ ലളിതമാണെങ്കിലും വില്ലൻമാരില്ലാത്ത ദാരിദ്ര്യം വില്ലനായി വരുന്ന കഥയാണ് ബാല്യകാല സഖി. 'ദാരിദ്ര്യം ഒരു വ്യാധിയാണ്.അത് ശരീരത്തെയും ഹൃദയത്തെയും ആത്മാവിനെയും നശിപ്പിച്ചു കളയുന്നു' എന്ന് ഈ പുസ്തകത്തിൽ ഒരിടത്ത്‌ പറഞ്ഞു വയ്ക്കുന്നു ബഷീർ.മുസ്ലിം സമുദായങ്ങളിൽ നില നിന്നിരുന്ന പല അനാചാരങ്ങളെയും തുറന്നു കാട്ടുന്നു 'ന്റപ്പൂ പ്പാക്കൊരാനെണ്ടാർന്നു' എന്ന കഥയിൽ. ഈ കഥ വായിച്ച ഏതൊരാളെയും ആഴത്തിൽ സ്പർശിച്ച ഇതിലെ ഒരു വാചകമാണ് 'വെളിച്ചത്തിന് എന്തൊരു വെളിച്ചം'എന്നത്. ഇതിലെ കഥാപാത്രം ആയ കുഞ്ഞുപാത്തുമ്മ തന്നെ ആർക്കോ കല്യാണം കഴിച്ചു കിടക്കുകയാണെന്ന ആധിയിൽ ജനാലകളും വാതിലുകളും അടച്ച ഒരു മുറിയിൽ കിടക്കുന്ന അവസരത്തിൽ അവൾ ഇഷ്ടപ്പെട്ടിരുന്ന നിസാർ അഹമ്മദിന്റെ ബാപ്പ  ജനാലകളും വാതിലുകളും തുറന്ന് വെളിച്ചം അകത്തേക്ക് പ്രവേശിച്ച   അവസരത്തിൽ    അവളോട് പറയുന്ന വാചകമാണിത്. ജീവിതത്തിലെ ഒരു പാട് വേദനകൾ അനുഭവിച്ചു നിൽക്കുന്ന സമയത്ത് ബഷീർ എഴുതിയ നോവൽ രൂപത്തിലുള്ള  ആത്മകഥയാണ് 'പത്തുമ്മയുടെ ആട്'.ഭാവനയും കൂട്ടിച്ചേർക്കലുകളും ഇല്ലാതെ അവതരിപ്പിച്ച 'അനുരാഗത്തിന്റെ ദിനങ്ങൾ' എന്ന കൃതി യാഥാർഥ്യത്തിന്റെ അഗാധമായ മറ്റൊരു തലമാണ് ഭാവന എന്ന് വായനക്കാരെ ബോധ്യപ്പെടുത്തുന്നു.                                                                         ജീവിതത്തിലെ ദുഃഖങ്ങളേയും ദുരന്തമേറിയ അനുഭവങ്ങളെയും ഇത് പോലെ സരസമായ വായനക്കാരെ പിടിച്ചിരുത്തുന്ന ഭാഷയിൽ തന്റെ സൃഷ്ടികളിൽ  അവതരിപ്പിച്ച എഴുത്തുകാരൻ മലയാളത്തിൽ അധികമാരുമുണ്ടാവില്ല.ഒരു പാട് നാടുകളിൽ സഞ്ചരിച്ചു കിട്ടിയ അനുഭവങ്ങൾ ആയിരിക്കാം അദ്ദേഹത്തിന്റെ ഇത്ര മനോഹരമായ ഒരു പാട് കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കി മാറ്റിയത്.ബഷീറിന് കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഡിലിറ്റ് ബിരുദം സമ്മാനിക്കുന്ന അവസരത്തിൽ അന്നത്തെ വൈസ് ചാൻസലർ പറഞ്ഞിരുന്ന ഒരു വാചകം 'ബഷീറിനെ പോലൊരു എഴുത്തുകാരൻ ബഷീറിനു മുമ്പോ പിമ്പോ  നമ്മുടെ ഭാഷയിൽ ഉണ്ടായിട്ടില്ല ' എന്നതായിരുന്നു.മനസ്സിൽ ഒരിക്കലും മായാതെ എന്നെന്നും നില നിൽക്കുന്ന ഒരു പാട് കഥാപാത്രങ്ങളെ സൃഷ്ടിച്ച  വൈക്കം മുഹമ്മദ്‌ ബഷീർ എന്ന മഹാനായ എഴുത്തുകാരനെ  മലയാളഭാഷ നില നിൽക്കുന്ന  കാലത്തോളം മലയാള സാഹിത്യത്തെ  ഇഷ്ടപ്പെടുന്നവർക്ക് മറക്കാനാവില്ല. എന്നെന്നും വായനക്കാരുടെ മനസ്സിൽ ജീവിക്കുന്ന മഹാനായ എഴുത്തുകാരന്റെ മരിക്കാത്ത  ഓർമ്മകൾക്ക് മുന്നിൽ ശിരസ്സ്  നമിക്കുന്നു..........                      രജിൽ കെ പി

Thursday, July 2, 2020

വിജയവും തോൽവിയും

തോൽവിയും ജയവും നോക്കി വിദ്യാഭ്യാസത്തിന്റെ നിലവാരം അളക്കുന്ന പുതിയ ലോകത്തിൽ ഒരു തോൽവി ഒരാളെ കൊണ്ടെത്തിക്കുന്നത്  എവിടെ ആയിരിക്കുമെന്ന് പ്രവചിക്കുക അസാധ്യമാണ്.എങ്കിലും വിജയ ശതമാനം കൂടി പോയെന്ന ഒറ്റ കാരണത്താൽ വളർത്തി വലുതാക്കിയ വിദ്യാഭ്യാസ സമ്പ്രദായത്തെ പുച്ഛിച്ചു തള്ളുന്ന നവ സാമൂഹിക ജീവികളുടെ ചിന്താഗതിക്കു മുന്നിൽ അത് പോലുള്ള തോൽവികൾ ഒന്നുമല്ലാതായി മാറുന്നു. വളർത്തി വലുതാക്കിയ ഇന്നലെകളെ മറന്നു കൊണ്ട് ഇന്നിന്റെ പിറകെ മാത്രം പോവുന്നവർ വിജയങ്ങൾ കൂടുന്നത്   നിലവാരം ഇല്ലായ്മയായും തോൽവികളെ ആഘോഷമാക്കുകയും ചെയ്യുന്ന പുതിയ വിദ്യാഭ്യാസ സമ്പ്രദായത്തിൽ തോൽവികൾ അനുഭവിക്കുന്നതു തീവ്രമായ വേദന തന്നെയാവുന്നു.അനേകം തോൽവികളിലൂടെ വിജയത്തിൽ എത്തിയ മഹാൻമാരുടെ ഓർമ്മകൾ ചിതലരിച്ചു പോയിരിക്കുന്നു.ഓരോ തോൽവിയും വിജയത്തിന്റെ ചവിട്ട് പടിയാണെന്ന കേട്ടു മറന്ന വാചകം എവിടെയോ മാഞ്ഞു പോയിരിക്കുന്നു. അഭിനന്ദനങ്ങളും ആഘോഷങ്ങളും വിജയിക്കുന്നവരുടെ ചുറ്റുവട്ടങ്ങളിൽ മാത്രം ഒതുങ്ങി പോവുന്ന ഒന്നായി മാറുമ്പോൾ തോൽവിയുടെ വേദന അനുഭവിക്കുന്ന കുത്തുവക്കുകളാലും പരിഹാസങ്ങളാലും എരിഞ്ഞു തീരാൻ വിധിക്കപ്പെടുന്ന ജീവിതങ്ങൾക്ക് ആശ്രയത്തിന്റെ തുരുത്ത്‌ കയ്യെത്തിപ്പിടിക്കാനാവത്ത  അകാലത്തിലായി മാറുന്നു. വിജയിക്കുന്നവരുടേതും  തോൽക്കുന്നവരുടേതുമാണ് ലോകം എന്ന തത്വം വിസ്മൃതിയുടെ കോണിലെവിടെയോ  മറഞ്ഞു പോയിരിക്കുന്നു.........                                                 രജിൽ കെ പി                                   

Monday, May 18, 2020

ബാല്യകാലത്തിന്റെ ഓർമ്മകൾ

കീറതുണിയുമായി ആറ്റിൽ നിന്നും മീനിനെ പിടിച്ചു കൊണ്ടു വന്ന് കുപ്പിയിലും കിണറ്റിലും ഇടുന്ന ബാല്യ കാലത്തെ കുസൃതികൾ.സ്കൂൾ തുറന്ന ദിവസം  വൈകുന്നേരം വീട്ടിലെത്തി അമ്മയുടെ ഉറവ വറ്റാത്ത സ്നേഹത്തിൽ പൊതിഞ്ഞ കൈകൾ കൊണ്ടുണ്ടാക്കിയ പായസം ആർത്തിയോടെ നുകരുന്ന ബാല്യകാലം.ഒരു കൂട്ടം കല്ലുകൾ എറിഞ്ഞു വീഴ്‌ത്തിയാൽ കിട്ടുന്ന ഒന്നോ രണ്ടോ മാങ്ങകളുടെ പിറകെ മത്സരിച്ചോടിയെത്തി പിടിച്ചെടുത്തു മാങ്ങ കടിച്ചു തിന്നുന്ന ഓർമ്മകൾ. അലുമിനിയത്തിന്റെ പെട്ടിയിൽ സ്ലേറ്റും പുസ്തകങ്ങളും അടുക്കി വച്ചു കൊണ്ട് ഗമയിൽ വിദ്യാലയത്തിലേക്ക് പോവുന്ന ബാല്യകാലം.വിദ്യാലയത്തിൽ വച്ചു സുഹൃത്തുക്കളോട് വീട്ടിൽ  ഇല്ലാത്ത ആനയെ കുറിച്ച് വർണ്ണിക്കുകയും ആനയുടെ വാലിൽ പിടിച്ചെന്നും ആനയുടെ കീഴിലൂടെ നൂഴ്ന്നിറങ്ങിയെന്നും നിർത്താതെ കള്ളത്തരങ്ങൾ തട്ടി വിടുന്ന  കുട്ടിക്കാലം.ആരാവണം എന്നുള്ള ചോദ്യങ്ങൾക്ക് ഒരു ദിവസം വിമാനം പറത്തുന്നയാളും മറ്റൊരു ദിവസം പട്ടാളക്കാരനായും വേറൊരു സമയത്ത് ഡോക്ടറായും നിമിഷങ്ങൾ കൊണ്ട് ആഗ്രഹങ്ങൾ മാറി മറയുന്ന ബാല്യകാലം.സച്ചിന്റെ ബൗണ്ടറികൾക്കും സിക്സെറുകൾക്കും ആർത്തു വിളിച്ചിരുന്ന ലാലേട്ടന്റെ സിനിമകൾക്കും സുരേഷ് ഗോപിയുടെ മാസ്സ് പോലീസ് സിനിമ ഡയലോഗുകൾക്ക് ടാക്കീസിലെ തിങ്ങി നിറഞ്ഞ സീറ്റുകളിലിരുന്ന് ആർത്തു വിളിക്കുകയും കണ്ട സിനിമ ശബ്ദരേഖയായി റേഡിയോയിൽ വരുമ്പോൾ ചെവിയോരം വച്ചു കേൾക്കുകയും കേബിളുകൾ ഇല്ലാത്ത കാലത്തിൽ അച്ഛമ്മയോടൊപ്പം ഞായറാഴ്ച രാവിലെ പോയി ദൂരദർശനലെ  രാമായണം മനസ്സിലാവാത്ത ഹിന്ദി ഭാഷയിൽ കാണുകയും ചെയ്യുന്ന സൗന്ദര്യം തുളുമ്പി നിൽക്കുന്ന നഷ്ടപ്പെട്ടു പോയ മനസ്സിന്റെ ഓർമ്മക്കൂടിൽ ചിതലരിക്കാതെ അവശേഷിക്കുന്ന ബാല്യകാല ഓർമ്മകൾ.      ഇല്ലായ്മകളും വല്ലായ്മകളും മുഴച്ചു നിന്നിരുന്നുവെങ്കിലും എന്ത് സൗന്ദര്യം ആയിരുന്നു ആ കാലത്തിന്.കാലചക്രത്തെ പിന്നിലേക്ക് തിരിച്ചു കൊണ്ട് നന്മകൾ തുളുമ്പി നിൽക്കുന്ന പഴയ കാലത്തിലേക്ക് തിരിച്ചു കൊണ്ട് പോവാൻ സാധിച്ചിരുന്നുവെങ്കിലെന്ന്  മനസ്സിനെ മോഹിപ്പിക്കുന്ന ബാല്യകാല ഓർമ്മച്ചിത്രങ്ങൾ.തൊടിയിലെ തൈമാവിൻ ചോട്ടിൽ കളിച്ചു വളർന്ന  ബാല്യ കാലത്തിന്റെ ഓർമ്മകളെക്കാളും  മാധുര്യമുള്ള മറ്റെന്തുണ്ട് ജീവിതത്തിൽ.       രജിൽ കെ പി. 

Thursday, April 9, 2020

കവിത

                       പ്രണയം                                           ഓർമ്മകൾ മേഞ്ഞു നടന്നൊരു നാളിൽ              ഓർത്തു പോയ                                                      പ്രണയത്തിൻ                                                        ഊഷ്മള ദിനങ്ങൾ                                               ഇടതൂർന്നിറങ്ങിയ                                               വിരഹത്തിൻ                                                        വള്ളിയിലൂടെ                                                        മൃത്യു തേടിയലഞ്ഞ                                            കാമുകൻ                                                    ചോരത്തിളപ്പിൻ                                                  നിത്യയവ്വനത്തിൽ                                                ലോകം കീഴടക്കാനുള്ള                                         വെമ്പലിൽ                                                             കാമുകി തൻ കൈപിടിച്ചുല്ലസിച്ചു           നടന്നയിടവഴികളിൽ                                           വിരഹത്തിൻ വേദന                                             ഉൽക്കടലായുയരുന്ന നിമിഷങ്ങളിൾ                 പ്രണയിനിയില്ലാത്ത ജീവിതം                             പൂർണ്ണമല്ലെന്നറിയുന്ന                                          വേളയിൽ                                                              തിരിച്ചെടുക്കാനാവാത്ത                                      നഷ്ടച്ചരടിൽ കോർത്ത                                          ഓർമ്മകളിൾ                                                        കേഴുന്നു സഖീ                                                        നിന്റെ പ്രണയത്തിനായ്.                                                                                 രജിൽ കെ പി                                                                                                                      

Tuesday, March 24, 2020

ആചാരങ്ങളും യുക്തിയും

എല്ലാ ആചാരങ്ങളും മനുഷ്യ നിർമ്മിതമാണെന്നും അത് മനുഷ്യന് അവന്റെ ആവശ്യങ്ങൾക്കനുസരിച്ചു  മാറ്റം വരുത്താനുള്ള ഒന്നാണെന്നുമുള്ള വിലപ്പെട്ട പാഠം കൊറോണ മനുഷ്യൻമാരെ പഠിപ്പിച്ചിരിക്കുന്നു.ഒരു മതങ്ങളെയും പരിഹസിക്കുന്നില്ല. യുക്തിക്ക് നിരക്കാത്ത അന്ധമായ ആരാധന കൊണ്ട് മനുഷ്യൻമാർ പല പേക്കൂത്തുകളും കാണിക്കാറുണ്ട് എന്നത് യാഥാർഥ്യമാണ്‌. മനുഷ്യൻമാർ അവന്റെ നില നിൽപ്പിനു പോരാടുന്ന സമയങ്ങളിൽ അവനെ കൊണ്ട് ഈ ഭ്രാന്തമായ ചുടല നൃത്തങ്ങൾ ചെയ്യിച്ച മത സ്ഥാപനങ്ങളൊക്കെ പൂട്ടപ്പെട്ടിരിക്കുന്നു.അവൻ പഠിച്ച ആചാരങ്ങൾ അല്ല അവനെ ഇപ്പോൾ ലോകത്തിൽ നില നിർത്തുന്നത്. ശാസ്ത്രം പഠിച്ച ആരോഗ്യ പ്രവർത്തകരുടെ ഉറക്കമൊഴിച്ചുള്ള പ്രവർത്തങ്ങൾ കൊണ്ട് മാത്രമാണ് മതം പഠിച്ച മനുഷ്യൻമാരും അവനെ മതങ്ങൾ പഠിപ്പിച്ച മത പണ്ഡിതൻമാരും ഇവിടെ ബാക്കിയാവുന്നത്. ഇവിടെ വിജയിച്ചു നിൽക്കുന്നത് യുക്തി മാത്രമാണ്. യുക്തിയെ തോൽപ്പിച്ചു കൊണ്ട്  നടക്കുന്ന ആചാരങ്ങൾ അല്ല.സ്വയം പ്രാർത്ഥിച്ചു അസുഖം മാറ്റുന്ന വിശുദ്ധൻമാരും സ്വയം ദൈവമായി പ്രഖ്യാപിച്ച ആൾദൈങ്ങളും എവിടെയോ മറഞ്ഞു പോയിരിക്കുന്നു.                                                                                                                                         സമ്പത്തുള്ളവനും ഇല്ലാത്തവനും ജീവിതത്തിൽ ഒരു പോലെ ഭയന്നു ജീവിക്കുന്ന ഇന്നിന്റെ ജിവിതത്തിൽ ഒരിടത്തും കാണാനാവാതെ പോവുന്ന  സമത്വത്തിന്റെയും തുല്യതയുടെയും അപൂർവ്വ നിമിഷങ്ങൾ.ഭീതിയുടെ നിഴലിൽ ജീവിക്കുന്ന അവസരത്തിൽ മാത്രം ഉണ്ടാവുന്ന തിരിച്ചറിവുകൾ ഭീതി ഒടുങ്ങുന്ന വേളയിൽ മാഞ്ഞു പോവാതിരുന്നെങ്കിൽ ഈ ലോകം എത്ര സുന്ദരമാവുമായിരുന്നു. ഈ തിരിച്ചറിവിൽ നിന്നെങ്കിലും അന്ധമായ ആരാധനയിൽ മാത്രം ഒതുങ്ങാത്ത എന്റെ ആളും നിന്റെ ആളുമെന്ന വേർതിരിവുകൾ ഇല്ലാത്ത  യുക്തിയും സമത്വവും നിറയുന്ന ഒരു പുതിയ ലോകം തിരിച്ചു വരുമെന്ന് പ്രതീക്ഷിച്ചു പോവുകയാണ്.കാശിയും മക്കയും വത്തിക്കാനുമൊക്കെ മനുഷ്യന്റെ നിലനിൽപ്പിനു വേണ്ടിയുള്ള  കൊറോണ വൈറസ് വ്യാപനവുമായുള്ള  പോരാട്ടങ്ങളിൽ മനുഷ്യൻമാർക്ക്   അഭയസ്ഥാനങ്ങൾ ആയി മാറുന്നില്ലെന്ന സത്യത്തെ മനുഷ്യൻമാർ തിരിച്ചറിഞ്ഞാൽ മാത്രമേ ലോകത്തിന്റെ ഏത് കോണിലും ഇനി മനുഷ്യൻമാർക്ക് നിലനിൽപ്പുള്ളൂ എന്നതാണ് കാലമവനെ പഠിപ്പിക്കുന്ന സത്യം. അത് ഇന്നിലെ ലോകം തന്റെ കാൽക്കീഴിൽ എന്ന് ഊറ്റം കൊള്ളുന്ന സാമൂഹിക ജീവികൾക്ക് ഒരു പക്ഷെ അപ്രിയ സത്യങ്ങൾ ആയിരിക്കാം.അന്ധമായ യുക്തിരഹിതമായ ആരാധനകളിൽ മാത്രമായി ഒതുങ്ങി നിൽക്കാതെ യുക്തിക്ക് നിരക്കുന്ന അപ്രിയ സത്യങ്ങളെ കൂടി സ്വീകരിച്ചു കൊണ്ട് മുന്നോട്ട് പോയാൽ മാത്രമേ ഇനി ഈ ലോകത്തിൽ മനുഷ്യജന്മങ്ങൾക്ക് നില നിൽപ്പുള്ളൂ എന്നുള്ളത് യാഥാർഥ്യമാണ്‌.                                                                                                           യുക്തിരഹിതമായ ആചാരങ്ങളും ശാസ്ത്രത്തിന്റെ യുക്തിയും തമ്മിൽ ഉളള പോരാട്ടത്തിൽ വിജയിച്ചു നിൽക്കുന്നത് യുക്തിയും ശാസ്ത്രവും ആണെന്ന് ചൈനയിൽ വുഹാൻ എന്ന ചെറിയൊരു സ്ഥലത്ത് നിന്നും ആരംഭിച്ചു കൊണ്ട്  ലോകമാകെ പടർന്നു പന്തലിച്ചു കൊണ്ട് ഇന്ന് ലോകത്തെ ഒന്നാകെ ഭീതിയുടെ മുൾമുനയിൽ നിർത്തുന്ന തുടക്കകാലങ്ങളിൽ നിസ്സാരമെന്ന് കരുതി ലോകമാകെ നിസ്സാരമെന്ന് കരുതി അവഗണിച്ച വൈറസ് ലോകത്തെ പഠിപ്പിച്ചിരിക്കുന്നു.                                                                                                                                               രജിൽ കെ പി                 

Wednesday, January 15, 2020

കഥ

                ഇഷ്ട സ്വപ്നം

ഇരുളിന്‍റെ മൂടുപടമണിഞ്ഞ അന്തിയുറക്കത്തിന്‍റെ ഇടവഴിയിലാണ് ഞാന്‍ ആനിയെ സ്വപ്നം കാണുന്നത്.സ്വപ്ന കവാടത്തിനരികില്‍ അല്‍പ്പം ഭയത്തോടെ നില്‍ക്കുന്ന ആനിയെയാണ് കാണുന്നത്. മങ്ങിയ വെളിച്ചത്തില്‍ ആദ്യം ആളെ മനസ്സിലായിരുന്നില്ല.ആരാണെന്നുള്ള എന്‍റെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി കിട്ടിയുമില്ല.പക്ഷെ അവളുടെ ഭംഗിയാര്‍ന്ന ചുണ്ടുകള്‍ എന്തോ പറയാന്‍ കൊതിക്കുന്നത് പോലെ തോന്നിച്ചു.
ചേച്ചി അപ്പോള്‍ മുറിയിലേക്ക് കടന്നു വന്നു. അപ്പോളും എന്‍റെ കണ്ണുകള്‍ ആനിയെ തിരയുകയായിരുന്നു.
നീ എന്താടാ പിച്ചും പേയും പറയുന്നത്? ചേച്ചി ചോദിച്ചു
പനിയുണ്ടോ? ഞാന്‍ തൊട്ടു നോക്കട്ടെ.
കുഴപ്പമില്ല.അനാവശ്യ ചിന്തകളെ മനസ്സില്‍ നിന്നകറ്റി കര്‍ത്താവിനെ ധ്യാനിച്ചു പുതച്ചുമൂടി കിടന്നോ എന്ന് പറഞ്ഞിട്ട്  ചേച്ചി പോയി.ആശ്വാസത്തോടെ ഞാന്‍ വീണ്ടും ആനിയെ തിരിയാന്‍ തുടങ്ങി.
എവിടെ നിന്നു വന്നതെന്നറിയില്ല.
ചേച്ചി പോയ ഉടനെ ഒരു മാലാഖയെ പോലെ ആനി വീണ്ടുമെന്‍റെ മുന്നില്‍ പ്രത്യക്ഷപ്പെടുകയായിരുന്നു.
എന്നെ ഓര്‍മ്മയുണ്ടോ?
ആനി ചോദിച്ചു.
ഓര്‍മ്മകളുടെ ഒരു തിരമാല എന്നിലേക്ക് അലയടിച്ചു വരികയായിരുന്നപ്പോള്‍. ഇടറിയ ശബ്ദത്തില്‍ ഞാന്‍ പറഞ്ഞു ആനിയല്ലെ.
നീ ആകെ മാറിപ്പോയല്ലോ ആനി.
എപ്പോഴും പുഞ്ചിരിച്ചുനില്‍ക്കുന്ന നിന്‍റെ മുഖത്ത് ഇപ്പോള്‍ ഭീതിയും വിഷാദവും മുറ്റിനില്‍ക്കുന്നു.
നാടകവും അഭിനയവും ഒരു  ഭ്രാന്തായി കൊണ്ട് നടക്കുന്ന കാലത്താണ് ഒരു        നാടകത്തിനടയില്‍ വച്ച്  ആനിയെ ആദ്യമായി കാണുന്നത്. ആ നാടകത്തിലെ ശ്രദ്ദേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു ആനി.
സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ഏവരുടെയും കൈയ്യടി നേടിയ ആനിയുടെ വശ്യമായ  സൗന്ദര്യത്തിന് മുന്നില്‍ ഇമ വെട്ടാതെ നോക്കി നിന്ന് പോയിട്ടുണ്ട്.
നാടകം കഴിഞ്ഞപ്പോള്‍ ഏത് വിധേനയും ആനിയെ ഒന്ന് പരിചയപ്പെടണമെന്നത്      അടങ്ങാത്തൊരു ആഗ്രഹമായി.അന്ന് സാധിച്ചില്ല.അത്രയ്ക്ക് ആളുകളുടെ ബാഹുല്യമായിരുന്നു.പക്ഷെ മടങ്ങുമ്പോള്‍ ആനിയുടെ അടുത്ത  നാടകം നടക്കുന്ന സ്ഥലം ചോദിച്ചു മനസ്സിലാക്കി.                                                                                                                                 ആ നാടകവേദിയില്‍ വെച്ച് ആനിയെ പരിചയപ്പെടുക തന്നെ ചെയ്തു.ആനിയോട് ആദ്യമായി ചോദിച്ചത് എങ്ങനെ ഇത്ര നന്നായി ജീവിതത്തെ നാടകത്തില്‍ അവതരിപ്പിക്കാന്‍ പറ്റുന്നു എന്നായിരുന്നു.
ജീവിതത്തില്‍ ഒരു വഴിയുമില്ലാതായാല്‍ അപ്പച്ചനും അമ്മച്ചിക്കും ഭക്ഷണം വാങ്ങിക്കൊടുത്തേ പറ്റൂ എന്ന തോന്നലുണ്ടായാല്‍ ജീവിച്ചു പോവും സാറെ. ഇതായിരുന്നു ആനിയുടെ മറുപടി.
പിന്നീട് അഭിനയത്തിന്‍റെയും ജീവിതത്തിന്‍റെയും സൗഹൃദ സംഭാഷണങ്ങളുമായി ഒരുപാട് ദിനങ്ങള്‍. വളരെ മനോഹരമായിരുന്നു ആനിയുമൊത്തുള്ള സംഭാഷണങ്ങള്‍.
നാടകമായി മാറുന്ന ജീവിതങ്ങളെക്കുറിച്ചും ജീവിതമായി മാറുന്ന നാടകങ്ങളെക്കുറിച്ചും ഞങ്ങള്‍ സംവദിക്കുമായിരുന്നു.താഴ്ന്ന ജാതിക്കാരി ആയതു കൊണ്ടു മാത്രം സ്കൂള്‍ വിദ്യാര്‍ത്ഥി ആയിരുന്ന കാലം മുതല്‍ അനുഭവിച്ചിട്ടുള്ള വേദനപ്പിക്കുന്ന അനുഭവങ്ങളെക്കുറിച്ച് ആനി            പറയാറുണ്ടായിരുന്നു.ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാന്‍ മടികാണിച്ചിട്ടുള്ള സഹപാഠികള്‍ എന്നും അവള്‍ക്ക് വേദനിപ്പിക്കുന്നൊരു ഓര്‍മ്മയായിരുന്നു. പള്ളിയില്‍ പാടാന്‍ അവസരം നിഷേധിക്കപ്പെട്ടതും വേദനിപ്പിക്കുന്നൊരു ഓര്‍മ്മയായിരുന്നു.അഭിനയ മോഹം അവളില്‍ ജനിക്കുന്നത് അവള്‍ കണ്ട തെരുവു നാടകങ്ങളിലൂടെ  ആയിരുന്നു.അവസരം ചോദിച്ച് കിട്ടാതായപ്പോള്‍ അവള്‍ തെരുവില്‍ നാടകമവതരിപ്പിക്കുന്ന ഒരു സംഘത്തില്‍ ചേരുകയായിരുന്നു.അങ്ങനെ കുറേ നാളത്തെ അലച്ചിലിനു ശേഷമാണ് അവള്‍ ഇപ്പോള്‍ നാടകം കളിക്കുന്ന അലക്സിന്‍റെ നാടക ട്രൂപ്പില്‍ എത്തുന്നത്.
ഒരു ദിവസം ആനി പറഞ്ഞു. ഡേവിഡ് സാറെ എനിക്ക് ഇവിടുത്തെ ജോലി മടുത്തു. അതെന്താ ആനി? ഞാന്‍ തിരിച്ചു ചോദിച്ചു, ഈ നാടകകമ്പനി നടത്തുന്ന അലക്സിന് എന്നെ വെറുപ്പാണ്.                                                           ആനി പറഞ്ഞു.
എന്താണ് കാരണം?
ഞാന്‍ ചോദിച്ചു.
ഞാന്‍ ക്രൈസ്തവ സമുദായത്തിലെ താഴ്ന്ന ജാതിക്കാരി ആയിപ്പോയി. അത് തന്നെ കാരണം.
ആനി പറഞ്ഞു.
എപ്പോളും ചിരിച്ചുകൊണ്ട് നില്‍ക്കുന്ന ആനിയുടെ മുഖത്ത് ആദ്യമായി വിഷാദം പടരുകയായിരുന്നപ്പോള്‍.
ആനിയുടെ പ്രശ്നങ്ങള്‍ എന്‍റേത് കൂടി ആണെന്ന തരത്തിലേക്ക് ഞങ്ങളുടെ സൗഹൃദം അപ്പോളേക്കും വളര്‍ന്നു കഴിഞ്ഞിരുന്നു.
നമുക്ക് എന്തെങ്കിലുമൊരു വഴിയുണ്ടാക്കാമെന്ന് ഞാന്‍ ആനിയോട് പറഞ്ഞു.
ആനിക്ക് സ്വസ്ഥമായി ജോലി ചെയ്യാനുള്ള ഒരിടം തിരയലായിരുന്നു എന്‍റെ പിന്നീടുള്ള നാളുകള്‍.
ഒടുവില്‍ ഒരിടം കണ്ടെത്തി.
എനിക്കറിയാവുന്ന ഔസേപ്പച്ചായന്‍ നടത്തുന്ന നാടകട്രൂപ്പ്.
അങ്ങനെ ആനി അവിടെ ജോലി ആരംഭിച്ചു.                                                                                             അലക്സിന് കടുത്ത  എതിര്‍പ്പുണ്ടായിരുന്നു ആനി വിട്ടു പോവുന്നതില്‍. ആനിയെ ഇഷ്ടമില്ലായിരുന്നുവെങ്കിലും ആനി പോയാല്‍ തന്‍റെ നാടകത്തിന്‍റെ ജനപ്രീതി കുറയുമെന്ന് അയാള്‍ ഭയപ്പെട്ടു.അയാളുടെ എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ട് ആനി അവിടം വിട്ടു പോവുക തന്നെ ചെയ്തു.
ആനി വളരെ കഷ്ടപ്പെട്ട് നാടകാഭിനയത്തിലൂടെ തന്‍റെ സഹോദരിമാരെ പഠിപ്പിച്ചു. അപ്പച്ചന്‍റെയും അമ്മച്ചിയുടെയും ചികിത്സ നടത്തി.
ആനിയുമായുള്ള എന്‍റെ സൗഹൃദം ഒരിക്കലും പ്രണയമായിരുന്നില്ല. പക്ഷെ താഴ്ന്ന ജാതിക്കാരിയായ ആനിയുമായി ഞാന്‍ ഇടപെടുന്നത് വീട്ടുകാര്‍ക്കുപോലും ഇഷ്ടമായിരുന്നില്ല.
കൂടെ ജോലി ചെയ്തിരുന്ന വര്‍ഗ്ഗീസ് ഇടക്കിടെ പറയും.
ഡേവിഡ് തരംതാണവളുമായി സംസാരിക്കാന്‍ തനിക്ക് നാണമില്ലേ.
ഞാന്‍ മറുപടി പറയും
വര്‍ഗ്ഗീസെ കര്‍ത്താവ് എന്താണ് പറഞ്ഞിട്ടുള്ളത്. നിന്നെ പോലെ നിന്‍റെ അയല്‍ക്കാരനെയും സ്നേഹിക്കണമെന്നല്ലേ. ഉത്തരം മുട്ടുമ്പോള്‍ വര്‍ഗ്ഗീസ് പറയും
താന്‍ അധപതിച്ചുപോയെടോ. എന്തെങ്കിലും ചെയ്തോ.അവളുടെ ഒപ്പം കല്ലെറിഞ്ഞോടിക്കുമ്പോള്‍ എന്നെ വിളിക്കരുത്ആ. സംഭാഷണം അവിടെ അവസാനിക്കും.
ജോലിയുടെ ഇടവേളയില്‍ വെച്ചെപ്പോളോ ആനി ജോണ്‍സണുമായി പ്രണത്തിലാവുകയായിരുന്നു ആനി  ജോലി ചെയ്തിരുന്ന നാടക ഗ്രൂപ്പിലെ അഭിനേതാവായിരുന്നു ജോണ്‍സണ്‍. ആനി തന്നെയാണ് ജോണ്‍സണെ പരിചയപ്പെടുത്തിയത്.
ഒരു വൈകുന്നേരം ജോണ്‍സന്‍റെ കൈപിടിച്ചു കൊണ്ട് ആനി എന്‍റെ മുന്നിലേക്ക് വന്നു.
എന്നിട്ട് പറഞ്ഞു.
ഡേവിഡ് സാര്‍ ഇത് ജോണ്‍സണ്‍.
ഞങ്ങള്‍ പ്രണയത്തിലാണ്
വിവാഹം കഴിക്കാന്‍ പോവുന്നു.
സാമാന്യം കാണാന്‍ സുമുഖനായ ചെറുപ്പക്കാരന്‍.വീട്ടുകാരെ അറിയിച്ചോ?
ഞാന്‍ ചോദിച്ചു.
ഇല്ല. ഔസോപ്പച്ചായനറിയാം
ആനി പറഞ്ഞു.
പക്ഷേ അവരുട പ്രണയയാത്ര സുഗമമായിരുന്നില്ല.
ജോണ്‍സണ്‍ ക്രൈസ്തവ സമൂഹത്തിലെ ഉന്നതകുലജാതനായിരുന്നു. ആനി താഴ്ന്ന ജാതിക്കാരിയും. ഈ വേര്‍തിരിവ് ഒരു വേലിക്കെട്ടായി അവരുടെ ഇടയിലുണ്ടായിരുന്നു.
ജോണ്‍സന്‍റെ  ചേട്ടന്‍ അലന്‍ ഒരു ദിവസം  ആനിയുടെ വീട്ടില്‍ ചെന്നു.
ഇനി ജോണ്‍സണുമായി സംസാരിക്കുന്നത് കണ്ടാല്‍ കൊന്ന് കായലില്‍ തള്ളുമെന്ന് പറഞ്ഞിട്ട് പോയി.
അവരെ സഹായിക്കാന്‍ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ഒരു വഴിയും എന്‍റെ മുന്നിലുണ്ടായിരുന്നില്ല. എതിര്‍പ്പുകളെയൊക്കെ അവഗണിച്ചു കൊണ്ട് പ്രണയത്തെ മുന്നോട്ട് കൊണ്ട്  പോവാനായിരുന്നു അവരുടെ ഉറച്ച തീരുമാനം.
ഒരു ദിവസം നാടകപരീശീലന കളരിയുടെ ഇടവേളയില്‍ ആനിയും ജോണ്‍സണും സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. അവരവിടെ തനിച്ചായിരുന്നു. മറ്റുളളവരൊക്കെ പുറത്തായിരുന്നു.
വൈക്കോല്‍ കൊണ്ട് മേഞ്ഞതായിരുന്നു നാടകകളരി. അപ്പോഴാണ് ജോണ്‍സന്‍റെ സഹോദരന്‍ അലനും ആനിയുടെ പഴയ മാനേജര്‍ അലക്സും അതു വഴി വന്നത്. അപ്പോള്‍ അലന്‍റെ കുടിലബുദ്ധി പ്രവര്‍ത്തിച്ചു.
അലന്‍ അലക്സിനോട്  എന്തോ സ്വകാര്യം പറഞ്ഞു.അലൻ സൂത്രത്തില്‍ ജോണ്‍സണെ പുറത്തെത്തിച്ചു. ആ ഇടവേളയില്‍ അലക്സും കൂട്ടുകാരും തീയിടുകയായിരുന്നവിടെ.
രക്ഷിക്കണേ രക്ഷിക്കണേ
അനിയുടെ നിലവിളി
അന്തരീക്ഷത്തില്‍ മുഴങ്ങി. അവിടേക്ക് ഓടിയെത്തിയ ജോണ്‍സനെ ആളുകള്‍ പിടിച്ചു നിര്‍ത്തുകയായിരുന്നു.
ജീവനോടെ വെന്തു വെണ്ണീറാവുകയായിരുന്നു ആനിയെന്ന പെണ്‍കുട്ടിയും അവളുടെ സ്വപ്നങ്ങളും.വേര്‍തിരിവുകളുടെ അസമത്വം നിറഞ്ഞു നില്‍ക്കുന്ന മരണം കൃഷി ചെയ്യുന്നവരുടെ ലോകത്ത് നിന്നും പരാതിയും പരിഭവവുമില്ലാതെ അവള്‍ യാത്രയാവുകയായിരുന്നു. ആളിപ്പടരുന്ന അഗ്നിയുടെ ഓര്‍മ്മകള്‍ എന്നിലേക്കെത്തുമ്പോളേക്കും ആനി അകന്നു പോയിക്കഴിഞ്ഞിരുന്നു. ആരുടെതെന്നറിയാത്ത അടുത്തു വരുന്ന കാലടിയുടെ ശബ്ദം കാതോര്‍ത്ത് കൊണ്ട് കാലബോധമില്ലാതെ ഞാന്‍ കിടന്നു.                                                                                                   രജിൽ കെ പി 

Sunday, January 12, 2020

ഇടിഞ്ഞു വീഴുന്ന കൊട്ടാരങ്ങൾ

           മരട് ഫ്ലാറ്റ് പൊളിക്കാനുള്ള സുപ്രീം കോടതി വിധിയിൽ രോഷം പൂണ്ട്  മുന്നിട്ടിറങ്ങിയ കുറെ  രാഷ്ട്രീയ പാർട്ടികൾ ഇവിടുണ്ടായിരുന്നു. ഫ്ലാറ്റ് നിവാസികളുടെ വിഷമത്തിൽ പങ്കു ചേരാൻ മത്സരിച്ചു ഓടിയെത്തുന്ന ഒരു രാഷ്ട്രീയ പാർട്ടി നേതാക്കളും തീരദേശ നിയമം പാലിക്കാതെ അവിടെ ഫ്ലാറ്റുകൾ നിർമ്മിക്കാൻ മുന്നിട്ടിറങ്ങിയ ഒരു ബിൽഡിംഗ്‌ ഗ്രൂപ്പുകളുടെയും പേര് പോലും പ്രതിപാദിച്ചു കണ്ടില്ല.തീരദേശനിയമങ്ങൾ കാറ്റിൽ പറത്തി മരടിൽ ഫ്ലാറ്റുകൾ പണിത ബിൽഡിംഗ്‌ ഗ്രൂപ്പുകൾക്കെതിരെ ശക്തമായ നിയമനടപടികളെടുക്കുമെന്ന്‌ പറയാനുള്ള ആർജ്ജവം ഇവിടത്തെ എത്ര രാഷ്ട്രീയ പാർട്ടികൾ കാണിക്കും.നിയമങ്ങൾ പാലിക്കാതിരിക്കാൻ സർവ്വ ഒത്താശകളും ചെയ്തു കൊടുത്തു പരമോന്നത നീതിന്യായ കോടതി അതിലെ തെറ്റ് ചൂണ്ടി കാണിച്ചു കൊണ്ട്  ഒരു വിധി പുറപ്പെടുവിച്ചപ്പോൾ  വിലപിക്കുന്ന നേതാക്കൾ.                                                                                                                                        കോർപ്പറേറ്റുകൾക്ക്  നിയമങ്ങൾ തെറ്റിക്കാൻ സർവ്വ സൗകര്യങ്ങളും ചെയ്തു കൊടുക്കാൻ പാർട്ടി ഭേദമന്യേ മത്സരിക്കുന്ന രാഷ്ട്രീയ സമൂഹം.നിയമങ്ങൾ പാലിക്കാതെ വിശുദ്ധിയുടെയും വിശ്വസ്ഥതയുടെയും പേരുകൾ നൽകി പണിതുയർത്തിയ ബഹുനില കൊട്ടാരങ്ങൾ നിമിഷങ്ങൾ കൊണ്ട് ഇടിഞ്ഞു വീണില്ലാതാകുന്ന അപൂർവ്വ കാഴ്ചയ്ക്ക് ദൈവത്തിന്റെ സ്വന്തം നാട് സാക്ഷ്യം വഹിച്ചിരിക്കുന്നു.ഭൂമി ഉണ്ടെങ്കിൽ മാത്രമേ ഇവിടെ ജീവനുകളും ഫ്ലാറ്റുകളും ബാക്കിയുണ്ടാവുകയുള്ളൂ എന്ന് പ്രകൃതി തന്ന മുന്നറിയിപ്പ് രണ്ടു പ്രളയ ദുരന്തങ്ങൾക്ക് ശേഷവും തിരിച്ചറിയാത്ത ഒരു സമൂഹം. തിരുത്തി ബോധവൽക്കരിക്കാൻ മുന്നിട്ടിറങ്ങുന്നതിനു പകരം  സ്വാർത്ഥ താൽപര്യങ്ങൾക്കും താൽക്കാലിക വോട്ട് ബാങ്കിനും വേണ്ടി സത്യത്തിനു നേരെ മുഖം തിരിക്കുന്നൊരു രാഷ്ട്രീയ സമൂഹം.                                                                                                                       ചെറിയൊരു  വീട് വയ്ക്കുന്ന  സാധാരണക്കാരനെ നിരവധി തവണ  പഞ്ചായത്തുകൾ കയറി ഇറക്കാൻ  നിയമം ഉള്ളൊരു രാജ്യത്തു പച്ചയായ തീരദേശ നിയമം ലംഘിച്ചു കൊണ്ട് ബിൽഡിംഗ്‌ ഗ്രൂപ്പുകൾക്ക് ഇത്ര വലിയ ഫ്ലാറ്റുകൾ മരട്  പോലൊരു സ്ഥലത്ത് എങ്ങനെ പണിതുയർത്താനായി എന്ന ചോദ്യത്തിനു  മാത്രം ഒരു രാഷ്ട്രീയ പാർട്ടി നേതാവിനും ഉത്തരമില്ല. തിരിച്ചറിയാൻ പ്രകൃതി നൽകുന്ന അടയാളങ്ങളിൽ നിന്നും പഠിക്കാതെ ആവർത്തിക്കുന്ന തെറ്റുകളുമായി മുന്നോട്ട് പോവുന്ന ഒരു സമൂഹം.കായൽ കയ്യേറ്റങ്ങൾക്ക് ഒത്താശ നൽകാൻ മത്സരിക്കുന്ന മാറി മാറി വരുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ഇതിൽ നിന്നും ഒഴിഞ്ഞു മാറാനാവില്ല. ഇത്രെയേറെ ദ്രോഹങ്ങൾ പൊതു ജനങ്ങളോട് ചെയ്തിട്ടും ഇതിനൊക്കെ ഉളള നഷ്ട പരിഹാരങ്ങൾ  പൊതുജനങ്ങളുടെ  നികുതി പണം ഉപയോഗിച്ച് നൽകാൻ മത്സരിക്കുന്ന ജനപക്ഷ സർക്കാർ ഇവിടുള്ളപ്പോൾ ഇനിയും ഇതിവിടെ ആവർത്തിക്കില്ല എന്ന് പറയാനുമാവില്ല.                                                                                                                                                           വികസന മാറാപ്പുകളുടെ അമിത ഭാരം താങ്ങാനാവാതെ വരുമ്പോൾ ഭൂമി പ്രതികരിക്കുമെന്നും ആ പ്രതികരണത്തിൽ കെട്ടിപ്പൊക്കിയ കൊട്ടാരങ്ങൾ എരിഞ്ഞില്ലാതാവുമെന്നും എല്ലാം കൈപ്പിടിയിൽ എന്നും ഭദ്രമെന്നും  വിശ്വസിക്കുന്ന ഇന്നിന്റെ  സാമൂഹിക ജീവികൾ തിരിച്ചറിയാതെ പോവുന്നു. അവരുടെ മനസ്സിൽ ഇന്നലെകളും നാളെകളുമില്ല.കയ്യേറ്റങ്ങളിലും ആധിപത്യങ്ങളിലും അഭിരമിക്കുന്ന  ഇന്നുകൾ മാത്രമേ ഉള്ളൂ.  തിരിഞ്ഞോടാനാവാത്ത നേരത്തുണ്ടാവുന്ന തരിച്ചറിവുകളിൽ ജീവിതം തിരിച്ചെടുക്കാൻ ഉള്ള സമയം തിരിച്ചു തരില്ല കാലമെന്ന സത്യം സ്വാർത്ഥത കൊണ്ട് തിമിരം ബാധിച്ച  സമൂഹം എന്നെങ്കിലും തിരിച്ചറിയുമോ.                                                         രജിൽ കെ പി